The trace of a projectile is seen before hitting Tel Aviv, Israel, early Saturday, Saturday, June 14, 2025. (AP Photo/Leo Correa)
ഇസ്രയേലിന്‍റെ ഇറാന്‍ ആക്രമണത്തിന്‍റെയും ഇറാന്‍റെ തിരിച്ചടിക്കും പിന്നാലെ ഇസ്രയേലിന് അമേരിക്കയുടെ സഹായമെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിന് യുഎസിന്‍റെ സജീവ സഹായം നെതന്യാഹുവിന് ലഭിച്ചുവെന്നാണ് പേരു വെളിപ്പെടുത്താത്ത മുതിർന്ന യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. എന്നാല്‍യുദ്ധവിമാനങ്ങളോ യുദ്ധക്കപ്പലുകളോ പ്രതിരോധ പ്രവർത്തനം നടത്തിയോ എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടില്ല. അജ്ഞാതനായ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് ആണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇസ്രയേലിന്റെ നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ദേശീയ സുരക്ഷാ കൗൺസിൽ പ്രിൻസിപ്പൽമാരുമായി അമേരിക്കന്‍ പ്രഡിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ച അവസാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപ് നടത്തിയ ചർച്ചകളുടെ വിവരങ്ങളോ ചര്‍ച്ച എത്രനേരം നീണ്ടുനിന്നു എന്നതിനെക്കുറിച്ചോ ഉദ്യോഗസ്ഥർ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും സംസാരിച്ചതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു യുഎസിന്‍റെ വാദം. അതേസമയം, ഇസ്രയേല്‍ ആക്രമിച്ചതില്‍ തനിക്ക് അദ്ഭുതമില്ലെന്നും പ്രതീക്ഷിച്ച നടപടിയാണെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിക്കുകയും ചെയ്തു.
ഇസ്രയേലിന്‍റെ ആക്രമണത്തിന് വന്‍ തിരിച്ചടിയാണ് ഇറാന്‍ നല്‍കിയത്. ഇസ്രയേലിലെ ജറുസലേമിലും ടെല്‍ അവീവിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറയുന്നത് പ്രകാരം നൂറുകണക്കിന് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. 150 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ പറഞ്ഞു. ആക്രമണത്തില്‍ നാല്‍പതിറേലെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകളടക്കം ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ 'നേഷന്‍ ഓഫ് ലയണ്‍സ്' എന്ന പേരില്‍ ആക്രമണം നടത്തിയത്. ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാൻ നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേലിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
നേരത്തെ തന്നെ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎസ് പിന്‍വലിക്കുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്ത് അതിവേഗം യുഎസിലേക്ക് മടങ്ങണമെന്നായിരുന്നു ട്രംപ് സര്‍ക്കാര്‍ ഇവര്‍ക്ക് നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും ട്രംപ് യുഎസിലേക്ക് മടങ്ങിയെത്താന്‍ നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേല്‍ ഇറാന്‍ ആക്രമണത്തിന് തുടക്കം കുറിക്കുന്നത്.