അമേരിക്കൻ പൗരാവകാശ പ്രസ്ഥാനങ്ങളുടെ അമരക്കാരനും മാർട്ടിൻ ലൂഥർ കിങ്ങിന്റെ അടുത്ത സഹപ്രവർത്തകനുമായിരുന്ന ജെസ്സെ ജാക്‌സൺ അന്തരിച്ചു. വർണവിവേചനം നിലനിന്നിരുന്ന തെക്കൻ സംസ്ഥാനങ്ങളിൽ വളർന്ന ജാക്സൺ, തന്റെ തീപ്പൊരി പ്രസംഗങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ബാപ്റ്റിസ്റ്റ് പുരോഹിതനായിരുന്നു. 2017 മുതൽ പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. എണ്‍പത്തിനാലാം വയസിലാണ് മരണം.
മാർട്ടിൻ ലൂഥർ കിങ്ങിന്റെ നേതൃത്വത്തിൽ 1960-കളിൽ ആരംഭിച്ച പൗരാവകാശ മുന്നേറ്റങ്ങളിലൂടെയാണ് ജാക്സൺ പൊതുരംഗത്ത് സജീവമാകുന്നത്. കറുത്ത വർഗക്കാർക്കും മറ്റു പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയ അദ്ദേഹം, ദശാബ്ദങ്ങളോളം അമേരിക്കയിലെ ഏറ്റവും പ്രമുഖനായ പൗരാവകാശ നേതാവായി തുടർന്നു. 1984-ലും 1988-ലും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
പിന്നീട് 2008 ബറാക് ഒബാമ തിരഞ്ഞെടുക്കപ്പെടുന്നതുവരെ, മറ്റൊരു കറുത്തവർഗക്കാരനായ സ്ഥാനാർഥിക്കും ജാക്സണോളം ഒരു പ്രധാന പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് അടുത്തെത്താനായിട്ടില്ല. നിറത്തിന്റെ പേരിലും ദാരിദ്ര്യത്തിന്റെ പേരിലും വിവേചനം നേരിടുന്നവർക്കുവേണ്ടി അതിർവരമ്പുകൾ ഭേദിക്കുന്ന നേതാവായാണ് തീപ്പൊരി പ്രസംഗങ്ങളിലൂടെ ജനത്തെ ഇളക്കിമറിച്ചിരുന്ന അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയുടെ വൈവിധ്യത്തെക്കുറിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞു: "അമേരിക്ക ഒരൊറ്റ നൂലും ഒരൊറ്റ നിറവും ഒരൊറ്റ തുണിയും കൊണ്ടു നെയ്ത പുതപ്പല്ല."
തന്റെ അനുയായികളെ ലക്ഷ്യബോധമുള്ളവരാക്കാൻ അദ്ദേഹം എപ്പോഴും നൽകിയ സന്ദേശം ഇതായിരുന്നു: "ഇന്നു രാത്രി നിങ്ങളെവിടെയായിരുന്നാലും, നിങ്ങൾക്കത് നേടാനാകും. തലയുയർത്തിപ്പിടിക്കുക. നെഞ്ചുവിരിച്ചു നിൽക്കുക. നിങ്ങൾക്കത് സാധിക്കും. ചിലപ്പോൾ ഇരുട്ടുവരും, പക്ഷേ പ്രഭാതം വന്നെത്തും. കീഴടങ്ങരുത്."
ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോഅലീഷൻ എന്നീ പൗരാവകാശ സംഘടനകളുടെ സ്ഥാപകനാണ്. സിറിയ, ക്യൂബ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ മോചിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നയതന്ത്രജ്ഞൻ കൂടിയായിരുന്നു.2000-ൽ അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റൺ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.