iran-israel-mossad

പശ്ചിമേഷ്യയിലെ പ്രബല ശക്തികൾ. ഒളിപ്പോര്  ഒരുപാടുണ്ടായെങ്കിലും ചരിത്രത്തിലാദ്യമായി ഇസ്രയേലും ഇറാനും  നേര്‍ക്കുനേര്‍ പോരാടുകയാണ് .അടിക്ക് തിരിച്ചടിയെന്ന നിലയിൽ ആകാശ യുദ്ധവും ഒളിയുദ്ധവും മുറുകുന്നു. കടുത്ത പ്രഹര ശേഷിയുള്ള ആയുധങ്ങളുമായി  ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ അത്  യുദ്ധചരിത്രത്തിലേക്ക്   തന്ത്രങ്ങളുടെ  പുതിയ ഏടുകള്‍ കൂടി ചേര്‍ത്തുവയ്ക്കുകയാണ്.  ഒരർത്ഥത്തിൽ ഇൻ്റലിജൻസിൻ്റെ പോരാട്ടം. ‌കൂര്‍മബുദ്ധിയുള്ള മൊസാദിനും  റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പിനുമിടയിലെ  ചാരയുദ്ധവും കൂടി ചേരുമ്പോള്‍  സംഘര്‍ഷം പ്രവചനാതീതമാവുകയാണ്.

റവല്യൂഷനറി ഗാർഡിന്റെ ബുദ്ധികേന്ദ്രങ്ങളെ കൊലപ്പെടുത്തി മൊസാദ് ആദ്യ  മേൽക്കൈ നേടി . അതേ സമയം ഇറാന്‍റെ തിരിച്ചടി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിനെ അടക്കം വിറപ്പിച്ചതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും ആക്രമണത്തിന്‍റെ  മൂർഛ കൂട്ടിയാൽ അത് ലോകത്തിന് നിയന്ത്രിക്കാനാകാത്തതലത്തിലേക്ക് വളരുമോ എന്നതാണ് ആശങ്ക.

war-iran

മധ്യപൂര്‍വദേശമാകെ  അശാന്തിയൂടെ തീച്ചുളയില്‍ നീറുകയാണ്. ശക്തരുടെ പോരാട്ടം ആശങ്കയുടെ ഊഷ്മാവുയര്‍ത്തുന്നു. സൈനികശേഷിയിലും സാങ്കേതിക മികവിലും ഒന്നാംനിര ശക്തികളാണ് ഇസ്രയേലും ഇറാനും. ചുറ്റുമുള്ള സുന്നി മുസ്ലിം രാജ്യങ്ങളുമായി പലതവണ ഏറ്റുമുട്ടിയ ഇസ്രയേല്‍ ഇറാനുമായി ഇതുവരെ സൈനികമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല.  

ഇറാന്‍റെ ആണവമിസൈല്‍ പദ്ധതികള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ   നുഴ‍ഞ്ഞുകയറിയ ഇസ്രയേല്‍ ചാരസംഘടന മൊസാദാണ് സൈന്യത്തിലെ ഉന്നതരെയടക്കം ഇല്ലായ്മ ചെയ്ത ആക്രമണപദ്ധതിയുടെ സുത്രധാരന്‍.  ടെഹ്റാനില്‍ നിന്നും ഡ്രോണ്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന രഹസ്യ ആക്രമണത്താവളം വരെ മൊസാദ് സ്ഥാപിച്ചിരുന്നു. എട്ടുമാസത്തെ രഹസ്യനീക്കങ്ങളിലൂടെയാണ് ഇറാന്‍റെ ഹൃദയത്തിലേക്ക് മൊസാദ് നുഴഞ്ഞുകയറിയത്. അതും ഉന്നത സൈനികമേധാവികളായ മേജര്‍ ജനറല്‍ മൊഹമ്മദ് ബഖേരി, മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി,ആയത്തൊളള അലി ഖമനയിയുടെ വലംകൈ അലി ഷംഖാനി എന്നിവരായിരുന്നു ആദ്യ ഉന്നം. പരലുകളെയല്ല കൊമ്പന്‍മാരെ തന്നെ മൊസാദ് വീഴ്ത്തി. പ്രധാന ചുമതലകള്‍ വഹിച്ചിരുന്നവരെ  ഒരേസമയം മൊസാദ്  ഇല്ലാതാക്കിയത്     കണിശതയോടെയുള്ള നീക്കങ്ങളിലൂടെയാണ് . 

israel-pm

 ഇറാനിലെ സൈനിക മേധാവികളേയും ആണവശാസ്ത്രജ്ഞരേയും വധിക്കുന്നതിനായി മൊസാദ് മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് നടത്തിയത്. മുന്‍പ് ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വധിച്ചപ്പോഴും ഇസ്രയേലിന്‍റെ കൃത്യതയോടെയുള്ള ആക്രമണശൈലി വ്യക്തമായിരുന്നു. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനവും ഡസന്‍കണക്കിനു റഡാറുകളും ഇക്കുറി  ഇസ്രയേല്‍ നീക്കത്തില്‍ തകര്‍ന്നു. ഇറാന്‍ സായുധസേനാ വിഭാഗമായ ഐആര്‍ജിസി ആസ്ഥാനത്തും സ്ഫോടനവും തീപിടിത്തവുമുണ്ടായി. പകരം ഇറാന്‍ തൊടുത്ത ഡ്രോണുകളടക്കം മിക്കതും  വെടിവച്ചിട്ടതായാണ് ഇസ്രയേലിന്‍റെ അവകാശവാദം.

അമേരിക്കയും ഇറാനും തമ്മില്‍ പുതുക്കിയ ആണവചര്‍ച്ചകള്‍ നടക്കുന്നതിനിടെയിലും മൊസാദ് പണി തുടരുകയായിരുന്നു. മൊസാദ് ഏജന്റുമാര്‍ ആഴ്ച്ചകളായി വലിയ തോതില്‍  നശീകരണശേഷിയുള്ള  ആയുധങ്ങള്‍ ഇറാനിലേക്ക് കടത്തി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവ സ്ഥാപിക്കുകയും ചെയ്തു.  ആണവായുധ ശേഷി വികസിപ്പിക്കാനുള്ള  ഇറാന്‍ ശ്രമങ്ങള്‍ക്ക് തടയിടുക എന്നതാണ് മൊസാദ് ലക്ഷ്യമിട്ടത്.    ആണവപദ്ധതികള്‍  പൂര്‍ണമായും സമാധാനപരമായ ഉദ്ദേശ്യത്തിനുവേണ്ടിയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചെങ്കിലും  ഇസ്രയേലിന് വിശ്വാസം  പോരായിരുന്നു. 

trump-benyamin

ഇസ്രയേലും യുഎസും ഇതിനനുഭവിക്കുമെന്ന്  ഇറാനിലെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി ഭീഷണി മുഴക്കി. അതേസമയം ഖമനയിയുടെ നിലനില്‍പ് പോലും തങ്ങളുടെ ചോയ്സ് ആണെന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു. ആണവപരിപാടി ഊര്‍ജാവശ്യത്തിനാണെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും അത് തങ്ങള്‍ക്കുള്ള ഭീഷണിയാണെന്നാണ് ഇസ്രയേല്‍ കരുതുന്നത്. നിലനില്‍പിന് ഇറാന്‍ ഭീഷണിയായതിനാലാണ് റൈസിങ് ലയണ്‍ എന്നുപേരിട്ട ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വാദം. 

എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തന്‍റെ രാഷ്ട്രീയ നിലനില്‍പിനായാണ് പുതിയ പോരാട്ടമുഖം  തുറന്നതെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ രാജിവച്ച് തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഇസ്രയേല്‍ പാര്‍ലമെന്റില്‍  പ്രതിപക്ഷം അവതരിപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇറാനുനേരെയുള്ള പ്രഹരം. 

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒരു വശത്ത് ഗാസയില്‍ ആക്രമണം നടത്തുന്നതിനിടെ മറുവശത്തുകൂടി ഇറാനെയും ഇസ്രയേല്‍ പേടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.  ഹമാസ് മേധാവി ഹനിയയെ വധിച്ചത് ടെഹ്റാനിലെത്തിയാണ് , അതുപോലെ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ ലെബനനിലെ ബെയ്റൂട്ടില്‍ ചെന്നും വധിച്ചു.  ഇതെല്ലാം ഇറാനെ വരിഞ്ഞുമുറുക്കാനുള്ള നടപടികളായിരുന്നുവെന്നുവേണം കരുതാന്‍. ഹിസ്ബുല്ല, ഹമാസ്, ഹൂതി സായുധസംഘങ്ങളുടെ കരുത്ത് ചോര്‍ന്നു, ലബനന്‍,സിറിയ, യെമന്‍, ഇറാഖ്, ഇവരൊന്നും നിലവില്‍ ഇറാനെ സഹായിക്കാവുന്ന അവസ്ഥയിലുമല്ല. ഈ പശ്ചാത്തലം കൂടി നോക്കിയാണ് ഇസ്രയേലിന്‍റെ പ്രഹരം.

ലക്ഷ്യം എന്തായാലും യുദ്ധവും സംഘര്‍ഷവും ഒന്നിനും പരിഹാരമല്ല, രക്തം കൊണ്ട് കണക്ക് തീര്‍ക്കാന്‍ തുനിഞ്ഞാല്‍ കണ്ണീര്‍ മാത്രമേ ബാക്കിയാകൂ, ലോക സമാധാനം അത് ചര്‍ച്ചയിലൂടെ മാത്രമേ കൈവരിക്കുള്ളൂ. ഇക്കാര്യത്തില്‍ യുഎസും ഇസ്രയേലും ഇറാനും മുന്നോട്ട് വരണം, ഇവരുടെയെല്ലാം സുഹൃത്തായ ഇന്ത്യക്കും ഇക്കാര്യത്തില്‍ നിര്‍ണായകപങ്ക് വഹിക്കാനാകും.

ENGLISH SUMMARY:

The major powers of Middle east. Although there have been many covert battles, for the first time in history, Israel and Iran are engaging in a direct confrontation. What began as a tit-for-tat conflict is now escalating into both aerial warfare and covert operations. As both nations clash with high-impact weaponry, new chapters of strategy are being added to the history of warfare. In one sense, it is a battle of intelligence. With the cunning Mossad on one side and the Revolutionary Guard Corps on the other, the espionage war intensifies, making the conflict increasingly unpredictable.