Smoke rises up after an explosion in Tehran, Iran, Friday, June 13, 2025. (AP Photo/Vahid Salemi)
ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍ ആക്രമിച്ച് ഇസ്രയേല്‍. നിരവധിയിടങ്ങളില്‍ സ്ഫോടനമുണ്ടായതായി ഇറാന്‍ ടെലിവിഷനും ആക്രമണം നടത്തിയതായി ഐഡിഎഫും സ്ഥിരീകരിച്ചു. ഇറാന്‍റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ 'നേഷന്‍ ഓഫ് ലയണ്‍സ്' എന്ന പേരില്‍ ആക്രമണം നടത്തുന്നത്. ടെഹ്റാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇറാന്‍ അറിയിച്ചു. അതിനിടെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമപാത ഇസ്രയേലും അടച്ചു. ഇറാന്‍റെ തിരിച്ചടിയെന്നോളം ഇസ്രയേലില്‍ പലയിടങ്ങളിലും സൈറണുകള്‍ മുഴങ്ങി. Also Read: 'ആണവ കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാനെ ബോംബിട്ട് തകര്‍ക്കും'; ഭീഷണി മുഴക്കി ട്രംപ്
ടെഹ്റാന് വടക്കുകിഴക്കന്‍ ഭാഗത്തായാണ് പുലര്‍ച്ചെയോടെ ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായതെന്ന് ഇറാന്‍റെ നൂര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ നിരായുധീകരണത്തിനായി അഞ്ച് റൗണ്ട് ചര്‍ച്ചകളാണ് ഇറാനുമായി യുഎസ് നടത്തിയത്. ഒമാനില്‍ ആറാം റൗണ്ട് ചര്‍ച്ച നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നുമുള്ള നിലപാടില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാജ്യത്തിന്‍റെ വികസനത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടികരണമാണ് ഇറാന്‍ നടത്തുന്നതെന്നും ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. Read More: ആക്രമിക്കാന്‍ റെഡിയെന്ന് ഇസ്രയേല്‍; പൗരന്മാരെ ഒഴിപ്പിച്ച് യുഎസ്; മുന്നറിയിപ്പ് നല്‍കി യുകെ
ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. സുരക്ഷ കണക്കിലെടുത്ത് അതിവേഗം യുഎസിലേക്ക് മടങ്ങണമെന്നായിരുന്നു ട്രംപ് സര്‍ക്കാരിന്‍റെ നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും യുഎസിലേക്ക് മടങ്ങിയെത്താന്‍ നിര്‍ദേശിച്ചിരുന്നു.