ഇറാനെതിരെ ആക്രമണം നടത്താന്‍ പൂര്‍ണ സജ്ജമെന്ന് ഇസ്രയേല്‍ യുഎസിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ അടിസ്ഥാനമാക്കി സിബിഎസ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. അതിന് പിന്നാലെ മധ്യേഷ്യയിലെ സൈനിക, നയതന്ത്ര മേഖലകളില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിക്കാനുള്ള യുഎസ് തീരുമാനം ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തിന്‍റെ സാധ്യത വര്‍ധിപ്പിച്ചു.
ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്നും അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരും നാട്ടിലേക്ക് മടങ്ങണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഉത്തരവ്. സുരക്ഷാകാരണങ്ങളും പൗരന്മാരുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിനുമാണ് നടപടി. സംഘര്‍ഷമുണ്ടായാല്‍ മേഖലയിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നാണ് യുഎസ് പ്രതീകിഷിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പിന്മാറ്റം. ചുരുക്കം പേരുമായാണ് നിലവില്‍ എംബസി പ്രവര്‍ത്തിക്കുന്നത്. ഇത് വീണ്ടും കുറയ്ക്കുന്നതാണ് തീരുമാനം.
ബഹറൈനിലെയും കുവൈത്തിലെയും ആവശ്യമില്ലാത്ത ജീവനക്കാരും കുടുംബക്കാരോടും മടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ മേഖലയിലുടനീളമുള്ള സൈനികരുടെ ആശ്രിതര്‍ മടങ്ങണമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നിര്‍ദ്ദേശിച്ചതായി യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചു.
അത് അപകടം പിടിച്ച സ്ഥലമാണെന്നും പൗരന്മാരെ മാറ്റുകയാണെന്നുമാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അതേസമയം യുഎസ്– ഇറാന്‍ ആണവ ചര്‍ച്ചയും സ്തംഭിക്കുന്നതായും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആഴ്ച അവസാനം ഒമാനില്‍ നടക്കേണ്ട ആറാം റൗണ്ട് ചര്‍ച്ച സംശയകരമാണെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
യുഎസിന് സമാനമായി യുകെ കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പലുകൾക്ക് സൈനിക വർധനവ് സംബന്ധിച്ച മുന്നറിയിപ്പാണ് കൈമാറിയത്. കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെൻ്റർ അറിയിച്ചു.