ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി.
ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ.വി. ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ ഓഫ് മസ്കറ്റിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ൽ ഔട്ട്ലെറ്റുകളുണ്ട്. രണ്ടായിരം കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിലെ സൗകര്യങ്ങൾ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും സേവനം മികച്ചതാക്കാനുമാണ് ലുലു ഹോൾഡിങ്ങ്സും തമാനി ഗ്ലോബലും കൈകോർക്കുന്നത്.