റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ ക്ഷണിച്ച് റബർ കേരള ലിമിറ്റഡ് ദുബായിൽ. കോട്ടയത്തെ വെള്ളൂരിൽ വ്യവസായം ആരംഭിക്കാൻ റബർ ലിമിറ്റഡ് സൗകര്യമൊരുക്കും. പ്രവാസികളിൽ നിന്ന് നിക്ഷേപം ആകർഷിക്കാൻ വിദേശത്ത് നടത്തുന്ന റബർ മീറ്റുകളിൽ ആദ്യത്തേതാണ് ദുബായിൽ നടന്നത്.
ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70 ശതമാനം നൽകുന്ന കേരളത്തെ റബർ വ്യവസായത്തിന്‍റെ സിരാകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസികളായ നിക്ഷേപകരെയും സംരംഭകരെയും തേടി റബർ കേരള ലിമിറ്റഡ് ദുബായിലെത്തിയത്. സ്വാഭാവിക റബർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങൾക്ക് സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കും. റബറിൽ നിന്നുള്ള ഏത് ഉൽപാദനങ്ങൾക്കും ഫാക്ടറി തുടങ്ങാം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് വ്യവസായങ്ങൾ തുടങ്ങുന്നത്. കോട്ടയം വെള്ളൂരിൽ 164 ഏക്കറാണ് റബർ വ്യവസായം തുടങ്ങുന്നതിന് ലഭ്യമാക്കിയിരിക്കുന്നത്. ഇവിടെ റബർ അധിഷ്ഠിത ഗവേഷണത്തിനുള്ള സൗകര്യം, റബറിന്‍റെ ഗുണമേൻമ പരിശോധിക്കാനുള്ള സ്ഥലം, വ്യവസായ ഇൻക്യുബേഷൻ സെന്‍റർ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
സംരംഭകർക്ക് കാലതാമസമില്ലാതെ നേരിട്ട് ഏറ്റെടുക്കാവുന്ന നിലയിൽ 30 വർഷത്തേക്ക് ഭൂമി പാട്ടത്തിന് കിട്ടും. ഒരു യൂണിറ്റിന് അര ഏക്കറിന്‍റെ ഗുണിതങ്ങളാണ് ഭൂമിയായി ലഭിക്കുക.