സൗദിയിലെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. പ്രതിദിനം 10ലക്ഷത്തിലേറെ ബാരല്‍ എണ്ണയുല്പാദനം നടത്തുന്ന, സൗദിയിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ഷൈബയിലാണ് ഹൂതി വിമതരുടെ മറ്റൊരു ആക്രമണമുണ്ടായത്.
നേപ്പാള്‍, ഫിലിപ്പീന്‍സ് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങള്‍ വീണാണ് അപകടമെന്നും സൗദി ഊര്‍ജമന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എംബസിയിലെ അത്യാവശ്യമല്ലാത്ത നയതന്ത്രപ്രതിനിധികള്‍ സൗദി വിടണമെന്ന് യുഎസ് നിര്‍ദേശിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് സൈന്യത്തിന്റെ സ്വാധീനത്താല്‍ നിയമലംഘനം നടത്തി, അനധികൃത പാതയിലൂടെ സഞ്ചരിച്ച 4 കപ്പലുകള്‍ ആക്രമിച്ചെന്ന് ഐ.ആര്.ജി.സി വ്യക്തമാക്കി.
എണ്ണക്കൈമാറ്റം നടത്തുന്നതിനിടെയായിരുന്നു ആക്രമണമെന്നും കപ്പലുകള്‍ കത്തിച്ചെന്നും ഇറാന് പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ ഹോര്‍മുസില്‍ മൂന്ന് കപ്പലുകള്‍ ഇറാന് സ്ഥാപിച്ച മൈനുകളില്‍ തട്ടി തീപിടിച്ചിരുന്നു. അതേസമയം, ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായി ഉയര്‍ന്നു.