ഇന്തോനേഷ്യയിലെ ജയിലുകളിൽ വൻകിട കുറ്റവാളികൾക്കായി അനധികൃതമായി ഒരുക്കിയ ആഡംബര മുറികൾ സർക്കാർ ഓംബുഡ്സ്മാന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. ജാവ ദ്വീപിലെ ആയിരത്തെണ്ണൂറിലധികം തടവുകാരുള്ള സിബിനോങ് ജയിലിൽ നടത്തിയ പരിശോധനയിലാണ് സിനിമ കഥകളെ വെല്ലുന്ന രീതിയിൽ സജ്ജീകരിച്ച ഫൈവ് സ്റ്റാർ തടവറകൾ കണ്ടെത്തിയത്. സംഭവം വൻ വിവാദമായതോടെ അധികൃതരുടെ നിർദേശപ്രകാരം നിയമവിരുദ്ധമായി നിർമ്മിച്ച അത്യാധുനിക മുറികൾ അടിയന്തരമായി പൊളിച്ചുനീക്കാൻ നടപടിയെടുത്തു.
എയർകണ്ടീഷണറുകൾ, അത്യാധുനിക ടെലിവിഷനുകൾ, ഫ്രിഡ്ജുകൾ, മോഡേൺ ജിം ഉപകരണങ്ങൾ, ആഡംബര സോഫകൾ തുടങ്ങി വൻകിട ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് പണം നൽകിയ തടവുകാർക്കായി ജയിലിനുള്ളിൽ ഒരുക്കിയിരുന്നത്. സർക്കാർ ഓംബുഡ്സ്മാൻ നേരിട്ടെത്തി നടത്തിയ തടസ്സമില്ലാത്ത പരിശോധനയിലാണ് റൂം സജ്ജീകരണങ്ങൾ കണ്ട് ഉദ്യോഗസ്ഥർ പോലും ഞെട്ടിയത്. വൻകിട കുറ്റവാളികൾക്ക് ജയിൽ അധികൃതരുടെ ഒത്താശയോടെ ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
ഇത്തരം അനധികൃതവും നിയമവിരുദ്ധവുമായ നടപടികൾ ഇനി ആവർത്തിക്കാതിരിക്കാനാണ് അടിയന്തരമായി നിർമ്മിതികൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടതെന്ന് കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. സംഭവത്തിൽ ജയിൽ ഭരണസംവിധാനത്തിലെ അഴിമതിയെക്കുറിച്ചും ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും ഉയർന്ന തട്ടത്തിലുള്ള അന്വേഷണം ഇന്തോനേഷ്യൻ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ജയിൽ ജീവനക്കാർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.