കുറ്റിച്ചിറയിൽ ലീഗ് സ്ഥാനാർഥിയുടെ വിജയം ആഘോഷമാക്കുമ്പോഴും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായത് കോഴിക്കോട്ടെ യു.ഡി.എഫ്, മുസ്ലിം ലീഗ് നേതൃത്വങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ തവണ ഫാത്തിമ തഹ്‌ലിയ നേടിയ 2,273 വോട്ടിന്റെ വൻ ഭൂരിപക്ഷം ഇത്തവണ വെറും 436 വോട്ടായി ചുരുങ്ങിയതാണ് നേതൃത്വത്തിന് തിരിച്ചടിയായത്. ഭരണവിരുദ്ധ വികാരം കൃത്യമായി മുതലാക്കാൻ കഴിയാത്തതും മുസ്ലിം ലീഗിലെ പ്രാദേശിക ഭിന്നതകളും പ്രചാരണത്തിലെ വീഴ്ചകളുമാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

കുറ്റിച്ചിറയിലെ ഭൂരിപക്ഷ ഇടിവ് എൽ.ഡി.എഫ് സംസ്ഥാനതലത്തിൽ വലിയ രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാട്ടുന്ന സാഹചര്യത്തിൽ, സംഭവത്തിൽ ലീഗ് നേതൃത്വം ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചേക്കും.   കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴ് ബൂത്തുകളിൽ വ്യക്തമായ ലീഡ് നിലനിർത്താൻ യു.ഡി.എഫിന് സാധിച്ചിരുന്നെങ്കിൽ, ഇത്തവണ അത് നാല് ബൂത്തുകളിലേക്ക് ഒതുങ്ങി. 4, 5, 6 ബൂത്തുകളിൽ എൽ.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി വലിയ മുന്നേറ്റമാണ് നടത്തിയത്. സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്നുവന്ന തർക്കങ്ങൾ കൃത്യമായി പരിഹരിക്കാൻ സാധിക്കാത്തതാണ് വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പ്രാദേശികമായി ഉണ്ടായ അസ്വാരസ്യങ്ങൾ കാരണം ഒരു വിഭാഗം പ്രമുഖ നേതാക്കളും പ്രവർത്തകരും പ്രചാരണ രംഗത്തുനിന്ന് വിട്ടുനിന്നതും വോട്ടിംഗിനെ പ്രതികൂലമായി ബാധിച്ചു.   സ്ഥാനാർത്ഥി നിർണ്ണയം മുതൽ വോട്ടെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ലീഗ് നേതൃത്വം ആഴത്തിൽ പരിശോധിക്കും. 

പ്രചാരണത്തിൽ നിന്ന് വിട്ടുനിന്ന നേതാക്കളെയും പ്രവർത്തകരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനൊപ്പം, താഴെത്തട്ടിലെ സംഘടനാ വീഴ്ചകൾ പരിഹരിക്കാനുള്ള നടപടികളും കൈക്കൊള്ളും. പ്രാദേശിക തലത്തിലെ വീഴ്ചകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കാനാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

ENGLISH SUMMARY:

The United Democratic Front and Indian Union Muslim League leaderships in Kozhikode are in shock following a drastic fall in their winning margin in the Kuttichira ward. Candidate Fathima Thahlia's previously secured majority of 2,273 votes plummeted to just 436 votes in the recent election, giving the Left Democratic Front a strong political talking point statewide. Initial assessments suggest that unaddressed local disputes over candidate selection, anti-incumbency, and election campaign lapses severely impacted the party's performance across key booths. In response, the Muslim League leadership is expected to launch a formal probe to investigate why a section of local leaders refrained from active campaign work.