കൊച്ചി കോർപറേഷൻ ഭരണം നഷ്ടപ്പെട്ടത് എറണാകുളം, തൃക്കാക്കര ഏരിയ കമ്മിറ്റികളുടെ ഗുരുതരമായ വീഴ്ചയാണെന്ന് തുറന്നുസമ്മതിച്ച് സി.പി.എം. സംഘടനാപരമായ വീഴ്ചകൾ കാരണം പാർട്ടിക്ക് ജില്ലയിൽ അടിപതറുന്നുവെന്ന് തുറന്നടിക്കുന്ന റിപ്പോർട്ട് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു. പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ പോലും അത് മുതലാക്കി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുന്നില്ലെന്നും, പല ബ്രാഞ്ച്-ലോക്കൽ കമ്മിറ്റികളും സജീവമല്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം. 

കൊച്ചി ഏരിയ കമ്മിറ്റിക്ക് പുറമേ പെരുമ്പാവൂർ ഏരിയ കമ്മിറ്റിയിലും രൂക്ഷമായ വിഭാഗീയതയും നേതാക്കൾക്കിടയിലെ ഭിന്നതയും നിലനിൽക്കുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള കൃത്യമായ പ്രവർത്തനങ്ങൾ ഉണ്ടാകണം. സ്പോർട്സ് ഉൾപ്പെടെയുള്ള മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. എന്നാൽ നേതാക്കളുടെ പേരുകൾ എടുത്തുപറഞ്ഞുള്ള വിമർശനങ്ങൾ ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിലോ ആദ്യ റൗണ്ട് ചർച്ചകളിലോ ഉണ്ടായിട്ടില്ല.   

നിയമസഭാ തിരഞ്ഞെടുപ്പിലെ ദാരുണമായ തോൽവിയുടെയും സംഘടനാ വീഴ്ചകളുടെയും പശ്ചാത്തലത്തിൽ ജില്ലാ കമ്മിറ്റിയുടെ പുനസംഘടന യോഗത്തിന്റെ അവസാന ദിവസമായ ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഉച്ചയ്ക്കുശേഷവും തുടരും. ചർച്ചകൾക്ക് ശേഷം നേതൃത്വം നൽകുന്ന മറുപടിയോടെയായിരിക്കും യോഗം അവസാനിക്കുക. ജില്ലാ നേതൃത്വത്തിൽ നിർണായക അഴിച്ചുപണിക്ക് യോഗം വഴിവെച്ചേക്കും. 

ENGLISH SUMMARY:

The CPM Ernakulam extended district committee meeting witnessed a candid admission of organizational failures, attributing the loss of governance in the Kochi Corporation to lapses by the Ernakulam and Thrikkakara area committees. A report presented by District Secretary S. Satheesh highlighted that several branch and local committees remain inactive, preventing the party from capitalizing on favorable political conditions.