teacher-texas

കൗമാരക്കാരായ രണ്ട് ആൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിച്ച ഹൈസ്കൂൾ അധ്യാപികയ്ക്ക് ചെറിയ ശിക്ഷ മാത്രം നൽകി കോടതി. ഇരയായ കുട്ടികളിലൊരാളുടെ പിതാവ് അധ്യാപികയെ പിന്തുണയ്ക്കുകയും തന്‍റെ മകന് ഇതുമൂലം യാതൊരു മാനസിക ആഘാതവും ഉണ്ടായിട്ടില്ലെന്ന് കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തതാണ് ശിക്ഷാ ഇളവിന് വഴിവച്ചത്. യുഎസിലെ ടെക്സസ് കോടതിയാണ് പ്രതിക്ക് കുറഞ്ഞ ശിക്ഷ വിധിച്ചത്.

വേക്കോ സ്വദേശിയായ ഷെൽബി ഡോൺ ലാഷോംബ് (25) എന്ന അധ്യാപികയ്ക്കാണ് ശിക്ഷാ ഇളവ് ലഭിച്ചത്. ദശാബ്ദങ്ങളോളം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നിട്ടും, പ്രോസിക്യൂഷനുമായുള്ള പ്ലീ ബാർഗെയിനിങ്ങിലൂടെ ആറ് വർഷത്തെ സസ്പെൻഡഡ് പ്രൊബേഷനും 1,000 ഡോളർ പിഴയും മാത്രമാണ് ഇവർക്ക് ലഭിച്ചതെന്ന് KWTX റിപ്പോർട്ട് ചെയ്തു. കൂടാതെ നാല് വാരാന്ത്യങ്ങൾ ജയിലിൽ കഴിയാനും 60 ദിവസം കൗണ്ടിയിലെ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടാനും ജഡ്ജി ഉത്തരവിട്ടു.

സസ്പെൻഡഡ് പ്രൊബേഷൻ കാലയളവിൽ ഉപാധികൾ കൃത്യമായി പാലിച്ചാൽ, നിയമപരമായി ഇവർ കുറ്റവാളിയായി കണക്കാക്കപ്പെടില്ല. ഇതോടെ ഗുരുതരമായ ക്രിമിനൽ റെക്കോർഡിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാനാകും. കുട്ടികളിലൊരാളുടെ പിതാവ് അധ്യാപികയ്ക്ക് അനുകൂലമായി മൊഴി നൽകിയിരുന്നില്ലെങ്കിൽ ഇതിലും കഠിനമായ ശിക്ഷ നൽകുമായിരുന്നുവെന്ന് വെള്ളിയാഴ്ച വിധി പറയവേ ജഡ്ജി തോമസ് വെസ്റ്റ് പറഞ്ഞു.

തന്റെ മകൻ കൗൺസിലിങ്ങിന് പോകുന്നുണ്ടെങ്കിലും ഈ സംഭവത്തിൽ അവന് യാതൊരു തരത്തിലുള്ള മാനസിക ആഘാതവും ഉണ്ടായിട്ടില്ലെന്നായിരുന്നു പിതാവിന്റെ മൊഴി. മകൻ പഠനത്തിൽ മിടുക്കനാണെന്നും സ്കൂൾ ഫുട്ബോൾ ടീമിൽ നന്നായി കളിക്കുന്നുണ്ടെന്നും അടുത്തിടെ നിരവധി സർവകലാശാലകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചു. തന്റെ മകൻ സ്വാഭാവിക ജീവിതം നയിക്കുകയാണെന്നും അവൻ സ്വയം ഒരു ഇരയായി കരുതുന്നില്ലെന്നും പിതാവ് പറഞ്ഞു. അധ്യാപികയെ ലൈംഗിക ചൂഷകയായി കാണുന്നില്ലെന്നും അവർ ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കുട്ടിയുടെ അമ്മയുടെ നിലപാട് ഇതിന് പൂർണമായും എതിരായിരുന്നു. ഭർത്താവിൽനിന്ന് വിവാഹമോചനം നേടി നിലവിൽ കുട്ടിയുടെ സംരക്ഷണാവകാശത്തിനായി നിയമപോരാട്ടം നടത്തുന്ന അമ്മ നൽകിയ പ്രസ്താവനയിൽ, മകൻ കടുത്ത വിഷാദത്തിലും ഉത്കണ്ഠയിലുമാണെന്നും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽനിന്നും ഒറ്റപ്പെട്ട് കഴിയുകയാണെന്നും വ്യക്തമാക്കി. 2025 സെപ്റ്റംബറിലാണ് ടെക്സസിലെ വാലി മിൽസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്ന ലാഷോംബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബസുഹൃത്ത് കൂടിയായ 16കാരൻ, അധ്യാപികയുമായി ഒന്നിലധികം തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം അധ്യാപികയ്ക്ക് അറിയാമായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. ഏകദേശം ആറുമാസത്തോളം തങ്ങൾ ബന്ധത്തിലായിരുന്നുവെന്ന് ലാഷോംബും സമ്മതിച്ചു. കൂടാതെ മറ്റൊരു സ്കൂളിൽ പഠിക്കുന്ന 17 വയസ്സിൽ താഴെയുള്ള രണ്ടാമതൊരു ആൺകുട്ടിയുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ഇവർ സമ്മതിച്ചു.

എന്നാൽ അധ്യാപിക എന്ന പദവി ദുരുപയോഗം ചെയ്ത് കുട്ടികളെ നിർബന്ധിച്ചതല്ലെന്നും കുട്ടികൾ സോഷ്യൽ മീഡിയ വഴി സ്വമേധയാ ബന്ധപ്പെടുകയായിരുന്നുവെന്നും അധ്യാപികയുടെ അഭിഭാഷകൻ കോഡി ക്ലീവ്‌ലാൻഡ് കോടതിയിൽ വാദിച്ചു. വിധിപ്രസ്താവത്തിൽ പങ്കെടുക്കാൻ എത്തിയ അമ്പതോളം പേരിൽ ഭൂരിഭാഗവും അധ്യാപികയെ പിന്തുണയ്ക്കാൻ എത്തിയവരായിരുന്നു. ലാഷോംബിന് വിഷാദവും ഉത്കണ്ഠയും ഉള്ളതായി ചികിത്സിച്ച തെറാപ്പിസ്റ്റ് നൽകിയ മൊഴിയും അറസ്റ്റിന് ശേഷം എട്ട് മണിക്കൂർ ജയിലിൽ കഴിഞ്ഞപ്പോൾ ഇവർക്ക് പി.ടി.എസ്.ഡി (PTSD) ലക്ഷണങ്ങൾ ഉണ്ടായെന്ന വാദവും ശിക്ഷാ ഇളവ് നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. 

ENGLISH SUMMARY:

High school teacher receives a lenient sentence for sexual relations with two teenage boys. The father of one of the victims supported the teacher, leading to a reduced sentence in a Texas court.