പത്തനംതിട്ട കോഴഞ്ചേരി മാരമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തി കൊലപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഇരുപത് വയസുള്ള ദിൻഷയാണ് മരിച്ചത്. കൊലപാതകം നടത്തിയ പ്രതി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റ് ആൺ സുഹൃത്തുക്കളുമായി പെൺകുട്ടിക്ക് ഉള്ള അടുപ്പമാണ് കൊലയ്ക്ക് കാരണമെന്ന് ജിത്തു പോലീസിനോട് പറഞ്ഞു.
ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു ക്രൂരമായ കൊലപാതകം. മരമൻ റിസോർട്ടിൽ എത്തിയ പ്രതി ജിത്തു ഇരുപതുകാരി ദിൻഷയെ പുറത്തേക്ക് വിളിച്ചിറക്കി. വാക്ക് തർക്കത്തിന് ഇടെ പോക്കറ്റിൽ നിന്ന് കത്തി എടുത്ത് കഴുത്തിൽ കുത്തുകയായിരുന്നു. തന്നെ വഞ്ചിച്ചുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് ജിത്തു കൊല നടത്തിയത്. ദിൻഷയുടെ അലർച്ച കേട്ട് എത്തിയ മറ്റ് ജീവനക്കാർ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ജിത്തുവിനെ പിടിച്ചു കെട്ടിയ ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു.
ജിത്തുവും ദിൻഷയും തമ്മിൽ ഒൻപത് മാസത്തെ അടുപ്പം ഉണ്ട്. ദിൻഷയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും വിവാഹം ഉറപ്പിച്ചിരുന്നതായും ജിത്തു പോലീസിനോട് പറഞ്ഞു. ദിൻഷക്ക് മറ്റ് ആൺകുട്ടികളുമായി ഉള്ള അടുപ്പം ചോദ്യം ചെയ്തതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് ജിത്തു പോലീസിനോട് പറഞ്ഞു. ജിത്തുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നു തിരുവല്ല dysp പ്രതികരിച്ചു.