പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ജീവനക്കാരിയായ ഇരുപതുകാരിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷയാണ് മരിച്ചത്. സംഭവത്തിൽ ദിന്‍ഷയുടെ സുഹൃത്തായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെനാള്‍ പദ്ധതിയിട്ടതിന് ശേഷം ഓണ്‍ലൈനില്‍ നിന്ന് കത്തി വാങ്ങിയാണ് ജിത്തു ദിന്‍ഷയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ജിത്തു ഓപ്പറേഷന്‍സ് മാനേജറായി ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ഒമ്പത് മാസം മുന്‍പ് ദിന്‍ഷ പഠനത്തിനെത്തിയിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരുടെയും വീട്ടുകാര്‍ക്കും ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. പിന്നീട് ദിന്‍ഷയ്ക്ക് മറ്റ് പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന ജിത്തുവിന് സംശയം തോന്നുകയായിരുന്നു. ഇത് പറഞ്ഞ് ഇരുവരും പലതവണ വഴക്കിലാകുകയും ചെയ്തിട്ടുണ്ട്. ദിന്‍ഷയുടെ ഫോണ്‍ ജിത്തു പരിശോധിച്ചതായും ജിത്തു മൊഴി നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ജിത്തു ദിന്‍ഷയെ കാണുകയും സംസാരിക്കുകയും ഇരുവരും തമ്മില്‍ വഴക്കാകുകയും ചെയ്തിരുന്നു. ഇതിനോടകം ജിത്തു ജിന്‍ഷയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും കത്തി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയിരുന്നതായും പൊലീസ് കരുതുന്നു.
തുടര്‍ന്ന് ഇന്ന് ജിന്‍ഷ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന മാരാമൺ റിസോർട്ടിൽ എത്തിയ ജിത്തു ദിന്‍ഷയെ സംസാരിക്കാനെന്ന വ്യാജേന പുറത്ത് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ജിത്തു തന്‍റെ പോക്കറ്റില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദിന്‍ഷയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിന്‍ഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ജിത്തുവിനെ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കോഴഞ്ചേരിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ദിന്‍ഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കസ്റ്റഡിയിലുള്ള ജിത്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കൂടുതല്‍ കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമായേക്കും.