തമിഴ്‌നാട് പരമക്കുടി സർക്കാർ ആശുപത്രി പരിസരത്തുണ്ടായ സംഘര്‍ഷത്തിനിടെ വനിതാ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ കയ്യാങ്കളി തടയാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം. പാര്‍ഥിപനൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിള്‍ കണ്ണകിയാണ് മരിച്ചത്.
യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ പരമക്കുടി ആശുപത്രിയിലെത്തിച്ചശേഷം ആശുപത്രി പരിസരത്ത് വച്ച് വീണ്ടും ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഓട്ടോ ഡ്രൈവര്‍ പൊലീസുകാരിയെ പിടിച്ചു തള്ളുകയായിരുന്നു.
താഴെവീണ് തലയ്ക്ക് ഗുരുതരപരുക്കേറ്റ കണ്ണകിയെ ഉടന്‍ തന്നെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട പ്രതി കറുപ്പ് രാജയെ തിരച്ചിലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി.
സംഭവത്തില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയെടുത്തും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ ഓട്ടോ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തേക്കും.