പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ കണ്ടന്റുകൾ ചിത്രീകരിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇൻഫ്ലുവൻസർമാരുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും ഇത്തരം പെരുമാറ്റങ്ങൾ പലപ്പോഴും വഴിയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കാറുണ്ട്. ചിലപ്പോള്‍ ചിലര്‍ രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. അത്തരമൊരു ദൃശ്യമാണ് ന്യൂയോര്‍ക്കില്‍ നിന്നും വരുന്നത്.
മുകളിലത്തെ നിലയിലേക്ക് പോകാനുള്ള എസ്കലേറ്ററില്‍ എതിരെ നടന്ന് റീല്‍ ചിത്രീകരിക്കുകയായിരുന്നു യുവാവ്. എസ്കലേറ്ററിലേക്ക് കയറുന്ന ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് വകവക്കാതെയായിരുന്നു യുവാവിന്‍റെ റീല്‍ ചിത്രീകരണം. എന്നാല്‍ ഇതിലൊരു വഴിയാത്രക്കാരനായ വ്യക്തി പ്രകോപിതനാകുകയും യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. ക്യാമറയ്ക്ക് മുന്നിൽ വച്ച് അപ്രതീക്ഷിതമായി നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉടനടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. പൊതുസ്ഥലങ്ങളിൽ ഇത്തരം ചിത്രീകരണങ്ങൾ നടത്തുന്നത് നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, കയ്യേറ്റം ചെയ്ത വ്യക്തിയുടെ നടപടിയെ മറ്റൊരു വിഭാഗം വിമർശിക്കുന്നു. സംഭവത്തിൽ ഔദ്യോഗിക പരാതികളോ അന്വേഷണമോ ഉണ്ടായിട്ടുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.