Image: X

  • അമ്മ റീൽ ഷൂട്ടിൽ മുഴുകി; പാലത്തിന്റെ കൈവരിയിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറൽ

അമ്മ സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ പാലത്തിന്‍റെ കൈവരിയിലേക്ക് മുട്ടിലിഴഞ്ഞ് നീങ്ങി പിഞ്ചുകുഞ്ഞ്. നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയാണ്. ഒപ്പം അമ്മയ്ക്കെതിരെ വിമര്‍ശനവും കനക്കുന്നുണ്ട്.

പ്രചരിക്കുന്ന വിഡിയോയില്‍ നദിക്ക് കുറുകേയുള്ള പാലത്തിന് മുകളില്‍ വച്ച് യുവതി റീല്‍സ് എടുക്കുന്ന തിരക്കിലാണ്. എന്നാൽ പിന്നിലൂടെ കുഞ്ഞ് മുട്ടിലിഴഞ്ഞ് പാലത്തിന്റെ കൈവരിയിലേക്ക് അടുക്കുകയായിരുന്നു. ഭാഗ്യവശാൽ, ഈ സമയം പാലത്തില്‍ ബൈക്കില്‍ ഇരിക്കുകയായികുന്നു ഒരു യുവാവ് ഉടൻ തന്നെ കുഞ്ഞിനെ എടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. അല്പം വൈകിയിരുന്നെങ്കിൽ വലിയ അപകടം തന്നെ സംഭവിക്കാമായിരുന്നു. അപ്പോളും സംഭവിച്ചതൊന്നും അറിയാതെ അമ്മ റീല്‍ ഷൂട്ടില്‍ തന്നെ മുഴുകിയിരിക്കുകയായിരുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേക്കായി റീല്‍സ് നിർമ്മിക്കുന്നതിനും ലൈക്കുകൾക്കും വേണ്ടി മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. കുട്ടികളെ ഇത്തരം സാഹചര്യങ്ങളിൽ കൂടെ കരുതുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും, അപകടകരമായ സ്ഥലങ്ങളിൽ കുട്ടികളുടെ മേൽ പൂർണ്ണമായ ശ്രദ്ധ വേണമെന്നും വിഡിയോ കാണുന്നവർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഈ വിഡിയോ എവിടെ, എപ്പോള്‍ ചിത്രീകരിച്ചു എന്നതില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്. അമ്മയ്ക്ക് കുട്ടിയേക്കാള്‍ പ്രാധാന്യം റീൽ ചിത്രീകരിക്കുന്നതിലും വൈറലാകുന്നതിലുമാണെന്ന് നെറ്റിസണ്‍സ് വിമർശിക്കുന്നു. ഒരു ലൈക്കിന്‍റെ വില പോലും അവർ സ്വന്തം കുഞ്ഞിന് നൽകുന്നില്ല എന്നാണ് പലരും വിഡിയോക്ക് താഴെ കുറിച്ചത്.

ENGLISH SUMMARY:

A viral video has sparked widespread outrage online, showing a mother completely engrossed in shooting a social media reel on a bridge while her baby crawls dangerously close to the open railing. Fortunately, a watchful young man sitting on a nearby motorbike quickly intervened and rescued the infant, while the mother remained entirely unaware and continued filming. The incident has drawn severe criticism from netizens, who condemned parents who prioritize social media attention and likes over the basic safety and well-being of their children.