ഹിന്ദി - മലയാളം തര്‍ജ്ജമയിലൂടെ വീണ്ടും ആളുകളെ കുടുകുടെ ചിരിപ്പിച്ച് വിദ്യാ ബാലന്‍. ‘ഇസ് ദുനിയാമെ കോയി നഹി - ഈ ദുനിയാവിൽ കോഴിയില്ല’ എന്ന് തുടങ്ങുന്ന താരത്തിന്‍റെ പുതിയ റീല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹിന്ദി വാചകങ്ങൾ മലയാളത്തിലേക്ക് തെറ്റായി വിവർത്തനം ചെയ്യുന്ന റീലാണ് വിദ്യാ ബാലന്‍ പങ്കുവച്ചിരിക്കുന്നത്.
‘കോയി ബാത്ത് നഹീ - കോഴി കുളിക്കാറില്ല’, ‘കേരളാ സെ ആനെ വാലാ ഹെ - കേരളത്തിൽ ആനവാൽ കിട്ടും’ ഇങ്ങനെ പോവുന്നു വിദ്യയുടെ രസകരമായ ഹിന്ദി - മലയാളം വിവർത്തനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ വിഡിയോ ഷെയര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇത്തരം രസകരമായ വിഡിയോകൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ളയാളാണ് വിദ്യ ബാലൻ. വിദ്യയുടെ രസകരമായ റീലുകൾ ആരാധകരുടെ കയ്യടി നേടാറുമുണ്ട്.
മുന്‍പ് അച്ചുവിന്‍റെ അമ്മ എന്ന സിനിമയിലെ 'കടുക് വറ' സീൻ റീക്രിയേറ്റ് ചെയ്തും വിദ്യാ ബാലന്‍ സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരുന്നു. 'എന്‍റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായ ഉർവശി ചേച്ചിയുടെ ഒരു രംഗം... ചേച്ചി ക്ഷമിക്കണം' എന്ന ക്യാപ്ഷനോടെയാണ് വിദ്യ വിഡിയോ പങ്കുവച്ചത്. പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ ‘ചപ്പാത്തി വേണ്ട ചോറ് മതി’ എന്ന് പറയുന്ന വിദ്യയുടെ റീലും ആളുകള്‍ ഏറ്റെടുത്തിരുന്നു.
ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇരിപ്പിടം നേടിയെടുത്ത നടിയാണ് വിദ്യ ബാലന്‍. ജനിച്ചുവളർന്നത് മുംബൈയിലാണെങ്കിലും പാലക്കാട്ടുകാരിയായ വിദ്യയോട് മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. അതുകൊണ്ടു തന്നെ വിദ്യാ ബാലന്‍റെ മലയാളം റീലുകള്‍ക്ക് കമന്‍റ് മഴ തീര്‍ക്കുകയാണ് മലയാളികള്‍.