white-stroke

നഗരവത്കരണം ആവാസവ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ കൂടുതല്‍ നഗരസങ്കേതങ്ങള്‍ കണ്ടെത്തുകയാണ് വെണ്‍കൊക്കുകള്‍ (white stork) . സെര്‍ബിയയിലെ നോവി സാദ് പ്രദേശത്താണ് ഇവയുടെ പുതിയ നഗരസങ്കേതം. പണിതീരാത്ത കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കു മുകളിലാണ്  വെണ്‍കൊക്കുകള്‍ കൂടൊരുക്കിയത്. പ്രദേശത്തെ ഉയരംകൂടിയ കോണ്‍ക്രീറ്റ് തൂണുകളിലെല്ലാം കൂടുകള്‍ നിറഞ്ഞുകഴിഞ്ഞു. ബാൽക്കൻ മേഖലയിലെ  വെണ്‍കൊക്കുകളുടെ  നഗരസങ്കേതം യൂറോപ്പില്‍ വലിപ്പംകൊണ്ട് രണ്ടാമത്തേതാണ്.

അഴകും കരുത്തുമുള്ള ദേശാടകർ

100 മുതൽ 115 സെന്റിമീറ്റർ വരെ ഉയരമുള്ള പക്ഷികളാണിവ. ശരീരം ഭൂരിഭാഗവും വെളുത്ത തൂവലുകൾ. പ്രായപൂർത്തിയായവയ്ക്ക് നല്ല ചുവപ്പുനിറമുള്ള നീണ്ട കാലുകളും കൂർത്ത കൊക്കുകളുമുണ്ട്. കൊറ്റികളെപ്പോലെ കഴുത്ത് ഉള്ളിലേക്ക് വളച്ചല്ല, നീട്ടിപ്പിടിച്ചാണ് ഇവ പറക്കുന്നത്.  മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തില്‍ പറക്കാന്‍ കഴിയും. യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മധ്യപൂർവദേശം, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളാണ്  പ്രജനനകേന്ദ്രങ്ങള്‍.  തുറന്ന തണ്ണീർത്തടങ്ങൾ, പുൽമേടുകൾ, കൃഷിയിടങ്ങൾ, ചതുപ്പുകൾ എന്നിവയാണ്  സാധാരണഗതിയില്‍ ഇഷ്ടപ്പെട്ട വാസസ്ഥലങ്ങൾ. ചുള്ളിക്കമ്പുകളും മണ്ണും പുല്ലുമൊക്കെ ഉപയോഗിച്ച് വലിയ കൂടുകളാണ് നിർമിക്കുന്നത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്.  ഈ കൂടുകള്‍ മറ്റ് പക്ഷികളും പിന്നീട് ഉപയോഗിക്കാറുണ്ട്. ഇവര്‍ പേരെടുത്ത ദേശാടകരാണ്. കരമാർഗമുള്ള പാതകളിലൂടെയാണ് യാത്ര. ചില കൂട്ടങ്ങൾ ഏകദേശം 49 ദിവസം കൊണ്ട് 20,000 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നു. ആയിരക്കണക്കിന് പക്ഷികളുള്ള വലിയ കൂട്ടങ്ങളായാണ് ദേശാടനം. 40 വർഷം വരെ ജീവിക്കാറുണ്ടെങ്കിലും ശരാശരി ആയുസ്സ് 20-35 വർഷമാണ്.

നാടോടുമ്പോള്‍ പറന്നടുക്കുന്നു

വനങ്ങളിൽ ഉയരമുള്ള മരങ്ങളിലോ പാറക്കെട്ടുകളിലോ ആണ് ഇവ സാധാരണയായി കൂടുകൂട്ടുന്നത്. മരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ വൈദ്യുതി തൂണുകൾ, കെട്ടിടങ്ങളുടെ മേൽക്കൂരകൾ, പള്ളി ഗോപുരങ്ങൾ, പവർ ടവറുകൾ എന്നിവയ്ക്ക് മുകളില്‍ കൂടൊരുക്കും.  കുറുക്കൻ, പൂച്ച, നായ തുടങ്ങിയ ജീവികളിൽ നിന്നുള്ള സുരക്ഷയാണ് ലക്ഷ്യം. ഭക്ഷണം തേടാനുള്ള എളുപ്പമാര്‍ഗമാണ്  മറ്റൊരു കാരണം. തുറന്ന പുൽമേടുകൾ, പാർക്കുകൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തവള, പ്രാണികൾ, എലി വർഗത്തിൽപ്പെട്ട ജീവികൾ തുടങ്ങിയ ഇരകളെ എളുപ്പത്തിൽ കണ്ടെത്താം. മൊറോക്കോയിലെ റബാത്ത്, ജര്‍മ്മനിയിലെ യൂള്‍ഫെല്‍ഡ്, ചൈനയിലെ ഡാറ്റോങ്, യുകെയിലെ ലണ്ടന്‍ എന്നിവിടങ്ങളാണ് വെള്ളകൊക്കുകളുടെ പ്രധാന നഗരസങ്കേതങ്ങള്‍

ENGLISH SUMMARY:

White storks are adapting to urbanization by finding new urban sanctuaries. These magnificent migratory birds, known for their striking appearance and impressive flight capabilities, are now building nests on unfinished concrete pillars and high structures in urban areas. This adaptation highlights their resilience and ability to find suitable habitats amidst human development, offering a fascinating glimpse into urban wildlife dynamics.