ഹോങ്കോങ്ങിൽ അഞ്ച് വയസ്സുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മയ്ക്ക് 22 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കുട്ടിക്ക് ഭക്ഷണം നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് 37-കാരിയായ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തി.
2022 സെപ്റ്റംബറിൽ മരിക്കുമ്പോൾ കുട്ടിയുടെ ഭാരം വെറും 9.7 കിലോഗ്രാം മാത്രമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് ആ പ്രായത്തിലുള്ള കുട്ടിയുടെ ശരാശരി ഭാരത്തിന്റെ പകുതിയിൽ താഴെയാണ്. പട്ടിണിയെ തുടർന്ന് കുട്ടിയുടെ അവയവങ്ങളും പേശികളും ഗുരുതരമായി ക്ഷയിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വയറ്റിൽ ഭക്ഷണാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. മരിക്കുന്നതിന് മുമ്പ് ദിവസങ്ങളോളം കുട്ടി പട്ടിണി കിടന്നിരുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ 129 മുറിവുകളും ചൂരൽപ്പാടുകളും കണ്ടെത്തിയിരുന്നു. കുട്ടിയെ അമ്മ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നത്. കുട്ടി നഴ്സറിയിൽ എത്താതായതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചെങ്കിലും അസുഖമാണെന്ന് പറഞ്ഞ് അമ്മ വിവരം മറച്ചുവെച്ചിരുന്നു. 2022 സെപ്റ്റംബർ 3-ന് പുലർച്ചെ, താൻ മകനെ അടിച്ച് കൊന്നുവെന്ന് അമ്മ ഒരു സുഹൃത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. അമ്മ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പരിമിതമായ വിദ്യാഭ്യാസവും അറിവില്ലായ്മയുമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന പ്രതിഭാഗം വാദം കോടതി തള്ളി. കുട്ടിയുടെ പിതാവായ കാമുകനുമായി പ്രതി നിരന്തരം കലഹത്തിലായിരുന്നുവെന്നും, അതിന്‍റെ ഭാഗമായി മകനെ അവഗണിക്കുകയും ആവശ്യമായ ചികിത്സ പോലും നിഷേധിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.