AI Generated Image

തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന യുവതിയെ ബലാംത്സഗം ചെയ്യാന്‍ ശ്രമിച്ച 32കാരന് ഏഴ് വർഷവും ഏഴ് മാസവും തടവ്ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കുറ്റകൃത്യം നടക്കുമ്പോൾ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്ന ചൈനക്കാരന്‍ ഗാവോ സിയോങ്ങിനെയാണ് കോടതി കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്. 2025 ഡിസംബർ 1ന് ഹൈക്കോടതി ആറ് വർഷവും ആറ് മാസവും തടവ് വിധിച്ച കേസില്‍, പ്രതിയുടെ അപ്പീല്‍ പരിഗണിച്ച് പുനര്‍ വിചാരണ നടത്തവേയാണ് കോടതി ശിക്ഷ വര്‍ധിപ്പിച്ചത്. 

കുറ്റകൃത്യം നടക്കുമ്പോൾ സിംഗപ്പൂരിൽ പഠനം പൂർത്തിയാക്കിയ ചൈനീസ് പൗരനായ ഗാവോയും ഇരയും മറ്റ് വാടകക്കാർക്കൊപ്പം ഒരു ഫ്ലാറ്റിലെ പ്രത്യേക മുറികളിലാണ് താമസിച്ചിരുന്നത്. 2023 ഒക്ടോബർ ആദ്യം, പ്രതി റൂമിന്പുറത്തേക്ക് വരാൻ ആവശ്യപ്പെട്ട് 22കാരിക്ക് മെസ്സേജ് അയക്കുകയായിരുന്നു. അവൾ മെസേജ് അവഗണിക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്തതോടെ, ഗാവോ പിന്‍വലിഞ്ഞു. പക്ഷേ രാത്രി മുഴുവൻ പുറത്തെ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന ഗാവോ അവൾക്ക് ടെക്സ്റ്റ് മെസേജ് അയയ്ക്കുന്നത് തുടർന്നു. 

അടുത്ത ദിവസം ഇരയുടെ റൂമിന്‍റെ വാതിലില്‍ തട്ടിയ പ്രതി തന്നോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷമാപണം നിരസിച്ച അവർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. സ്ത്രീ വാതിൽ അടയ്ക്കാൻ ശ്രമിച്ചതോടെ അയാൾ ബലം പ്രയോഗിച്ച് മുറിയിലേക്ക് കയറി. തുടര്‍ന്ന് അവളെ തറയിലേക്ക് തള്ളിയിട്ട്, വസ്ത്രം പൂര്‍ണമായി ഊരി നഗ്നയാക്കുകയായിരുന്നു. ഇരയുടെ നിലവിളി കേട്ട്, വാടകക്കാരിൽ ഒരാൾ ഓടിയെത്തി ഗാവോയെ മുറിയിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.  

മെയ് 12 ന് നടന്ന അപ്പീൽ ഹിയറിംഗിൽ, അഭിഭാഷകനില്ലാത്ത ചൈനീസ് പൗരൻ, കുറ്റം സമ്മതിച്ചെങ്കിലും, തനിക്ക് "ആശയക്കുഴപ്പമുണ്ടായിരുന്നു" എന്നും കോടതിയെ സമീപിക്കാൻ അവസരം നൽകിയില്ലെന്നും അവകാശപ്പെട്ടതോടെയാണ് കേസില്‍ കോടതി പുനര്‍വിചാരണ നടത്തിയത്. കുറ്റകൃത്യം തുടരാൻ കാരണം പരാതിക്കാരിയായ പെൺകുട്ടിയാണെന്ന് ഗാവോ കോടതിയില്‍ കുറ്റപ്പെടുത്തി. 

ഇരയെ രക്ഷപ്പെടുത്തിയ ആളെ പോലും കുറ്റപ്പെടുത്തിയ പ്രതി,  ഇരയോട് ക്ഷമ ചോദിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി പ്രതിയുടെ ശിക്ഷാ കാലയളവ് വര്‍ധിപ്പിച്ചത്.  ഗാവോയുടെ പെരുമാറ്റം കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗമായി കണ്ടാണ് ശിക്ഷ കൂട്ടിയത്. 

ENGLISH SUMMARY:

Singapore court has increased the sentence for a 32-year-old Chinese national, Gao Xiaong, who attempted to rape his neighbor. The court found his actions constituted an abuse of legal proceedings, leading to a harsher punishment.