സിംഗപ്പൂർ എയർലൈൻസിലെ എയര്‍ ഹോസ്റ്റസായിരുന്ന 35കാരി മീൻ വിൽക്കാനിറങ്ങിയ സംഭവം സോഷ്യൽ മീഡിയയിൽ ഉള്‍പ്പടെ വൈറല്‍ കാഴ്ച്ചയാകുന്നു. ഗർഭിണിയായിരിക്കേ, കാമുകൻ വഞ്ചിച്ച് കടന്നു കളഞ്ഞതോടെയാണ് ആംബർ ടാൻ എന്ന യുവതിക്ക് ജീവിതത്തോട് പടവെട്ടേണ്ടി വന്നത്. യുവതി എയര്‍ ഹോസ്റ്റസായി ജോലി ചെയ്യവേയാണ്, കാമുകൻ ആ ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഒരു സീഫുഡ് ബിസിനസ്സ് ആരംഭിച്ചതെന്ന് യുവതി സിംഗപ്പൂര്‍ മാധ്യമമായ സ്റ്റോമ്പിനോട് പറയുന്നു.
ഗര്‍ഭിണി ആയിരിക്കേ കാമുകന്‍ അവരുടെ തന്നെ പൊതുസുഹൃത്തായ മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു. അപ്പോഴേക്കും ആംബർ ടാൻ ആയിരക്കണക്കിന് ഡോളർ സീഫുഡ് ബിസിനസ്സിലേക്കായി ചിലവാക്കിയിരുന്നു. ഇപ്പോള്‍ ആംബർ ടാനിന്‍റെ മകൾക്ക് രണ്ട് വയസ്സ് തികയുകയും, തന്‍റെ ബിസിനസ്സ് വീണ്ടും പഴയപടിയാകുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി സോഷ്യല്‍ മീഡിയയിലൂടെ മനസ് തുറന്നത്.
ബിസിനസ്സിനും മുൻ കാമുകന്റെ കടങ്ങൾക്കും വേണ്ടി 350,000 ഡോളറാണ് ചിലവാക്കിയതെന്ന് യുവതി പറയുന്നു. 2022 സെപ്റ്റംബറിൽ അവർ ഡേറ്റിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ജോലി വിട്ട് സീഫുഡ് ബിസിനസ്സ് ആരംഭിച്ചത്. അവളെ പറ്റിച്ച് കടന്നുകളഞ്ഞ കാമുകന്‍ ഒരു ബിസിനസുകാരനായി തന്നെ പരിചയപ്പെടുത്തുകയും മലേഷ്യയിലെ ജോഹോറിൽ ഞണ്ട് ബിസിനസ്സ് സ്വന്തമായിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. കൂടുതൽ അന്വേഷിക്കാതെ അവൾ അയാളുടെ വാക്കുകൾ വിശ്വസിച്ചു.
എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച്, ജീവിതം കൂട്ടിമുട്ടിക്കുന്നതിനായി അവൾ ജുറോംഗ് ഫിഷറി തുറമുഖത്ത് ഒരു സ്റ്റാളുള്ള പാവോ ഗെ സീഫുഡ് എന്ന സമുദ്രവിഭവ മൊത്തവ്യാപാര സ്ഥാപനം ആരംഭിച്ചു. തന്റെ അന്നത്തെ സമ്പാദ്യം മുഴുവൻ (170,000 ഡോളർ ) അവർ ബിസിനസിൽ നിക്ഷേപിച്ചു, കാമുകൻ ഏകദേശം 60,000 ഡോളറും നിക്ഷേപിച്ചു. ഒടുവില്‍ കാമുകന്റെ ചൂതാട്ട കടങ്ങൾ വീട്ടാൻ അവൾ 180,000 ഡോളർ കൂടി നൽകി. മൊത്തത്തിൽ, ബിസിനസിനും മുൻ പങ്കാളിക്കുമായി ഏകദേശം 350,000 ഡോളർ ചെലവഴിച്ചതായി ടാൻ പറയുന്നു.
2023 ഡിസംബറിൽ താൻ ഗർഭിണിയാണെന്ന് മനസിലാക്കിയതോടെ, ടാൻ ബിസിനസ്സ് മുഴുവന്‍ പങ്കാളിയെ ഏൽപ്പിച്ചു. 2024 ജൂൺ 28 ന് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വെറും അഞ്ച് മാസങ്ങൾക്ക് ശേഷം, തന്റെ പങ്കാളിക്ക് തന്റെ തന്നെ ഒരു നല്ല സുഹൃത്തുമായി ബന്ധമുണ്ടെന്ന് അവള്‍ കണ്ടെത്തി.
"കുഞ്ഞ് ജനിച്ചതേയുള്ളൂ, അവർ എന്നെ വഞ്ചിക്കാൻ തീരുമാനിച്ചു" എന്നാണ് ആംബർ ടാൻ ഈ ചതിയെ വിശേഷിപ്പിച്ചത്. കാമുകനൊപ്പം താമസം സുടങ്ങിയ സുഹൃത്തിന് തന്റെ അവസ്ഥയെക്കുറിച്ച് പൂർണ്ണമായി അറിയാമെന്ന് ടാൻ പറഞ്ഞു. വിശ്വാസവഞ്ചന കാട്ടിയിട്ടും, അച്ഛനില്ലാതെ മകൾ വളരരുതെന്ന് ആഗ്രഹിച്ചുകൊണ്ട് ടാൻ ആദ്യം അവനോട് ക്ഷമിക്കാൻ തീരുമാനിച്ചു.
എന്നാല്‍, അവർ ഇപ്പോഴും പരസ്പരം ലൈംഗിക ബന്ധം ഉള്‍പ്പടെ പുലര്‍ത്തുന്നുണ്ടെന്ന് അവൾ മനസ്സിലാക്കി. 2025 സെപ്റ്റംബറിൽ ഇരുവരും തമ്മിലുള്ള ടെക്സ്റ്റ് മെസേജ് കൈമാറ്റങ്ങൾ കണ്ടെത്തിയതിന് ശേഷം, എന്നെന്നേക്കുമായി കാമുകനെ അവള്‍ ഉപേക്ഷിക്കുകയായിരുന്നു.
ബന്ധം അവസാനിപ്പിച്ചതിനുശേഷം, ടാൻ തന്റെ മുൻ കാമുകനെ ബിസിനസിൽ നിന്ന് പുറത്താക്കി. പ്രവർത്തനങ്ങളുടെ പൂർണ്ണ നിയന്ത്രണം സ്വയം ഏറ്റെടുത്തു. വിതരണക്കാർക്ക് നൽകാനുള്ള കടങ്ങൾ വീട്ടി. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി അവൾ തന്റെ ശേഷിച്ച സമ്പാദ്യത്തിൽ നിന്ന് 10,000 ഡോളർ കൂടി നിക്ഷേപിച്ചു. ടാൻ ഈ വ്യാപാരത്തിന്റെ എല്ലാ വശങ്ങളും സ്വയം പഠിക്കാൻ തുടങ്ങി.
ജുറോങ് ഫിഷറി തുറമുഖത്ത് അവള്‍ കൂടുതൽ സമയം ചിലവഴിച്ച് ബിസിനസിന്‍റെ തന്ത്രങ്ങള്‍ പഠിച്ചു. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന തൊഴില്‍ മേഖലയിലേക്ക് അവൾ പ്രവേശിക്കുകയായിരുന്നു. തുടക്കത്തിൽ, അവൾ പോർട്ടിൽ ധരിക്കുന്ന സ്പോർട്സ് ബ്രായെയും ഷോർട്ട്സിനെയും കുറിച്ച് പലപ്പോഴും ആളുകള്‍ മോശമായി പറഞ്ഞിരുന്നു. താൻ മുമ്പ് ടി-ഷർട്ടുകളും നീളമുള്ള പാന്റുമാണ് ധരിച്ചിരുന്നതെന്ന് അവള്‍ പറയുന്നു. എന്നാല്‍ അവ പോര്‍ട്ടിലെ ജോലി സമയത്ത് വിയര്‍പ്പുകൊണ്ട് നനഞ്ഞ് ചർമ്മത്തിൽ പറ്റിപ്പിടിക്കുകയും 'മീനിന്റെ ഗന്ധം' രൂക്ഷമായി നിലനിൽക്കുകയും ചെയ്തതിനാല്‍ വേഷം മാറ്റിയതാണെന്നും അവള്‍ കൂട്ടിച്ചേർത്തു.
“വായുസഞ്ചാരം കുഞ്ഞ വെയർഹൗസിൽ പുരുഷ മത്സ്യക്കച്ചവടക്കാരിൽ പലരും ജോലി ചെയ്തിരുന്നത് കയ്യില്ലാത്ത ഷര്‍ട്ട് ധരിച്ചും ചിലർ ഷർട്ടില്ലാതെയുമാണ്. എന്തായാലും, ഇവിടുത്തെ അമ്മാവന്മാർക്ക് ഞാൻ എന്ത് ധരിക്കുന്നു എന്നത് നേക്കേണ്ട കാര്യമില്ല, മത്സ്യത്തിന്റെ ഗുണനിലവാരം മാത്രമാണ് അവർ ശ്രദ്ധിക്കേണ്ടത്,” ടാൻ പറയുന്നു.