റിയാദ് നാഷണല്‍ മ്യൂസിയത്തില്‍ നടക്കുന്ന 'ബിദായാത്ത്' ചിത്രപ്രദര്‍ശനം സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. തട്ടമിട്ട അറബ് സുന്ദരി 'സൗദി മോണാലിസ'യും രാജ്യത്തെ പ്രഥമ 'വനിതാ പോര്‍ട്രെയ്റ്റ്' ചിത്രവും ഉള്‍പ്പെടെ ആറ് പതിറ്റാണ്ട് മുമ്പുളള ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടളളത്. നാലു വിഭാഗങ്ങളിലായി സൗദി ചിത്രകലാ പ്രസ്ഥാനത്തിന്റെ കഥകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
സൗദി ചിത്രകാരനായ ഫഹദ് അല്‍ റുബൈഖിന്റെ 'സൗദി മേണാലിസ' നാലുവര്‍ഷം സമയമെടുത്ത് 1975ലാണ് പൂര്‍ത്തിയാക്കിയത്. തട്ടമിട്ട സുന്ദരി ചിത്രകാരന്റെ കാമുകിയെന്നാണ് വിശേഷിപ്പിക്കുന്നത്. 1962ല്‍ അബ്ദുല്ല അല്‍ ശൈഖ് വരച്ച സൗദയയിലെ പ്രഥമ വനിതാ പോര്‍ട്രെയിറ്റ് ചിത്രവും പ്രദര്‍ശന നഗരിയിലുണ്ട്. പലകയില്‍ ഓയില്‍ പെയിന്റ് ഉപയോഗിച്ച് ചിത്രകാരന്റെ മാതാവിനെയാണ് വരച്ചത്.
ഇത്തരത്തില്‍ അപൂര്‍വ്വ ഇനത്തിലുളള നിരവധി രചനകളാണ് 'സൗദി കലാ പ്രസ്ഥാനത്തിന്റെ തുടക്കം' എന്ന പ്രമേയത്തില്‍ ചിത്രകലയുടെ ചരിത്രവും വര്‍ത്തമാനവും പരിചയപ്പെടുത്തി അരങ്ങേറുന്ന പ്രദര്‍ശനം.സൗദിയിലെ ആധുനിക കലാ പ്രസ്ഥാനങ്ങള്‍, ആധുനികതയുടെ പ്രവാഹങ്ങള്‍, സാമൂഹിക ജീവിതം, പോര്‍ട്രെയ്റ്റ്, ഡ്രിംസ് ആന്റ് സിംബല്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഇതിനു പുറമെ ആധുനിക കാലത്തെ നാല് ചിത്രകലാ പ്രതിഭകളുടെ രചനകളും പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടുണ്ട്.
1960 മുതല്‍ രാജ്യത്ത് സാമൂഹിക പ്രസക്തിയുളള ചിത്ര രചനകള്‍ നടന്നിരുന്നു. അതിന് മുമ്പ് പ്രധാനമായും ഇസ്ലാമിക കലിഗ്രഫി, ജ്യാമിതീയ അലങ്കാരങ്ങള്‍, പാരമ്പര്യ കരകൗശല ശില്പങ്ങള്‍ എന്നിവയില്‍ മാത്രമായി ചിത്ര കല ചുരുങ്ങി. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ശാസ്ത്രീയമായി ചിത്ര കല അഭ്യസിച്ച സൗദി കലാകാരന്‍മാര്‍ പാശ്ചാത്യ ചിത്രകലയുടെ സാങ്കേതികതയും അറബ് സംസ്‌കാരത്തിന്റെ ആത്മാവും കൂട്ടിച്ചേര്‍ത്ത സൃഷ്ടികള്‍ പുതിയ കലാ ഭാഷയ്ക്ക് തുടക്കമിട്ടു. അത്തരം രചനകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.