ഇക്കഴിഞ്ഞ 48 മണിക്കൂര്‍ നേരം അമേരിക്കന്‍ സൈന്യം മറക്കാനിടയില്ല, അത്രമാത്രം ജാഗ്രതയോടെ, കണിശതയോടെ സൈന്യവും ഇന്റലിജന്‍സ് വിഭാഗവും ഒന്നിച്ചുനിന്ന രണ്ടു ദിവസങ്ങളായിരുന്നു കടന്നുപോയത്. വെള്ളിയാഴ്ച ഇറാനെതിരായ ആക്രമണത്തിനിടെ തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റിന് പിന്നെന്തു സംഭവിച്ചെന്നറിയാത്ത നിമിഷങ്ങള്‍. ഇറാന്‍ സൈന്യത്തിന്റെ കയ്യില്‍ കിട്ടിയാല്‍ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ്, ഒരുപക്ഷേ അമേരിക്കയുെട നയതന്ത്ര രഹസ്യങ്ങളും സൈനിക നീക്കങ്ങളുമുള്‍പ്പെടെ ലഭ്യമാകാന്‍ ഇറാന് സാഹചര്യമൊരുങ്ങിയേക്കും,  കൊടും ക്രൂരതകള്‍ക്ക് മുന്നില്‍ മനുഷ്യജീവന് പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നേക്കുമെന്ന അവസ്ഥ. ആറാഴ്ച പിന്നിടുന്ന യുദ്ധത്തില്‍ നഷ്ടപ്പെട്ടേക്കാവുന്ന ആധിപത്യം. അങ്ങനെ അങ്ങേയറ്റം സമ്മര്‍ദ്ദം നിറ‍ഞ്ഞ നിമിഷമായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന്.  

ഈ സാഹചര്യം മുതലാക്കാന്‍ തന്നെയായിരുന്നു ഇറാനും തുനിഞ്ഞിറങ്ങിയത്. യുഎസ് േകണലിനെ ജീവനോടെ കയ്യില്‍ കിട്ടിയാല്‍ തങ്ങള്‍ക്കുണ്ടാകുന്ന തികഞ്ഞ ആധിപത്യം ഐആര്‍ജിസിയും മുന്നില്‍കണ്ടു. പൈലറ്റിനെ കണ്ടെത്താന്‍ സഹായിച്ചാല്‍ 60,000 ഡോളര്‍ സമ്മാനം നല്‍കുമെന്നും പ്രഖ്യാപിച്ചു. അങ്ങനെ സൈന്യവും ജനകീയ സേനയും ഗോത്രവിഭാഗവുമുള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട കനത്ത വെടിവയ്പ്പിനും ആക്രമണത്തിനുമൊടുവില്‍ ഐആര്‍ജിസിയുടെ കണ്ണുവെട്ടിച്ച് അമേരിക്ക സ്വന്തം പൗരനേയും കൊണ്ട് ഇറാന്‍ മണ്ണില്‍ നിന്നും പറപറന്നു. 

നൂറുകണക്കിനു സ്പെഷ്യല്‍ ഫോഴ്സും ഡസണ്‍ കണക്കിന് മാരക ആയുധങ്ങള്‍ ഘടിപ്പിച്ച വിമാനങ്ങളും, ഇന്റലിജന്‍സും ഏകോപിപ്പിച്ചാണ് അമേരിക്ക പൈലറ്റിനെ രക്ഷപ്പെടുത്തിയത്. പതിറ്റാണ്ടുകള്‍ക്കിടെ ശത്രുരാജ്യത്തുപോയി നടത്തിയ സങ്കീര്‍ണമായ ഓപ്പറേഷനെന്നാണ് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. 48 മണിക്കൂര്‍ നേരം ശത്രുക്കള്‍ കാണാതെ ഒളിച്ചിരുന്ന കേണല്‍ ഇപ്പോള്‍ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും അദ്ദേഹം പറയുന്നു.

ഇറാന്‍ സൈന്യം വെടിവച്ചിട്ട വിമാനത്തില്‍ നിന്നും ചാടിയ ശേഷം സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഉയര്‍ന്ന പർവതമേഖലകളിലാണ് പൈലറ്റ് രണ്ട് ദിവസത്തോളം കഴിഞ്ഞത്. പൈലറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇറാന്‍ സൈന്യം ലൊക്കേഷനോട് ഏതാണ്ട് അടുത്തെത്തി കഴിഞ്ഞിരുന്നു. യുഎസ് സൈന്യവുമായി നിരന്തര സമ്പര്‍ക്കത്തിനായി ദുരന്ത ബീക്കണ്‍, ജിപിഎസ് ട്രാക്കര്‍, സുരക്ഷിതമായ ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ പൈലറ്റ് ഫലപ്രദമായി ഉപയോഗിച്ചു. ചെറിയ ആയുധങ്ങളും കയ്യിലുണ്ടായിരുന്ന പൈലറ്റിന് അമേരിക്ക നല്‍കിയ അതിജീവന പരിശീലനങ്ങള്‍ ഏറെ സഹായകരമായെന്നും ട്രംപ് അവകാശപ്പെടുന്നു.  

പൈലറ്റിനടുത്ത് ആരാദ്യം എത്തുമെന്ന കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സരമാണ് നടന്നതെന്നും ആദ്യം കണ്ടെത്തുകയെന്നത് അമേരിക്കയുടെ ആവശ്യമായിരുന്നെന്നും പ്രസിഡന്റ് പറയുന്നു. യുഎസ് വ്യോമസേനയെ പിന്തുണച്ച്  സൈബർ, ബഹിരാകാശ, രഹസ്യാന്വേഷണ ശൃംഖലകളിൽ നിന്നുള്ള വിവരങ്ങളും കൂടി കൃത്യമായി വന്നതോടെ പൈലറ്റിന്റെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചു.  

പൈലറ്റ് ഒളിച്ചിരുന്ന ഭാഗത്തേക്ക് ഇറാനിയൻ വാഹനവ്യൂഹങ്ങൾ എത്തുന്നത് തടയാൻ യുഎസ് ആക്രമണ വിമാനങ്ങൾ ബോംബുകൾ വർഷിക്കുകയും വെടിവയ്ക്കുകയും ചെയ്തു. പാരാ റെസ്ക്യൂ യൂണിറ്റുകളും കമാൻഡോകള്‍ ഉൾപ്പെടെയുള്ള പ്രത്യേക സംഘങ്ങളും ഇരുട്ടിന്റെ മറവിലാണ് ഓപ്പറേഷൻ നടത്തിയതെന്നും ട്രംപ് വിവരിക്കുന്നു. മനസ്സാന്നിധ്യം വിടാതെ, പതറാതെ, നിന്ന സ്ഥാനത്തു നിന്നും മാറാതെ യുഎസ് സൈന്യം എത്തുന്നതുവരെ അതേ സ്ഥാനത്ത് തുടരാന്‍ പോന്ന ധൈര്യം പൈലറ്റും കാണിച്ചു. 

രക്ഷാദൗത്യത്തിന് ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ നേരിടേണ്ടിവന്നു, ഓപ്പറേഷന്റെ ആദ്യഘട്ടത്തില്‍ യുഎസ് ഹെലികോപ്റ്ററിന് േനരെ വെടിവയ്പ്പുണ്ടായി, ജീവനക്കാര്‍ക്ക് പരുക്കേറ്റെങ്കിലും സുരക്ഷിതമായി ഇറാന്‍മണ്ണില്‍ ലാന്‍ഡ് ചെയ്തു. വ്യോമ സംരക്ഷണം നൽകിയ ഒരു എ-10 വിമാനവും പേർഷ്യൻ ഗൾഫിന് മുകളിലൂടെ ഇടിച്ചുവീഴുന്ന സാഹചര്യമുണ്ടായി.  പൈലറ്റിനെ വിജയകരമായി രക്ഷപ്പെടുത്തിയതിനു പിന്നാലെയും അമേരിക്കന്‍ വ്യോമസംഘം കടുത്ത സങ്കീര്‍ണതകള്‍ നേരിടേണ്ടിവന്നു. 

ടീമിനെ തിരിച്ചെത്തിക്കാനുള്ള രണ്ട് ഗതാഗത വിമാനങ്ങള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയായി. തുടർന്ന് കമാൻഡർമാർ മൂന്ന് അധിക വിമാനങ്ങൾ പറത്തി രക്ഷാപ്രവർത്തനം പൂർത്തിയാക്കി. പ്രവർത്തനരഹിതമായ വിമാനങ്ങൾ ഇറാനിയൻ കൈകളിൽ അകപ്പെടാതിരിക്കാൻ യുഎസ് സൈന്യം തന്നെ തച്ചുടച്ച് നശിപ്പിച്ചു. ദൗത്യത്തിൽ ഉൾപ്പെട്ട എല്ലാ കമാൻഡോകളും സുരക്ഷിതമായി തിരിച്ചെത്തി, രക്ഷപ്പെടുത്തിയ പൈലറ്റിനെ ചികിത്സയ്ക്കായി കുവൈത്തിലേക്ക് കൊണ്ടുപോയതായാണ് സൂചന. 

മറ്റൊരു യുഎസ് പൈലറ്റിനെ ഒരു ദിവസം മുമ്പും രക്ഷപ്പെടുത്തിയിരുന്നെന്നും ആ സമയത്ത് പരസ്യമാക്കാന്‍ സാധിച്ച സാഹചര്യമല്ലെന്നും ട്രംപ് പറയുന്നു. ഒരു അമേരിക്കക്കാരന്‍ പോലും കൊല്ലപ്പെടാതെ ഈ ദൗത്യം പൂര്‍ത്തിയാക്കാനായത് തങ്ങളുടെ നേട്ടമെന്നാണ് ട്രംപ് പറയുന്നത്. ഇതിനിടെ എഫ്-15ഇ വെടിവച്ചിട്ടതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഏറ്റെടുത്തു. എന്നാല്‍ പൈലറ്റിനെ രക്ഷപ്പെടുത്തിയ ഓപ്പറേഷനെക്കുറിച്ച് ഇതേവരെ ടെഹ്റാന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. 

US Pilot Rescued from Iran in Daring Operation:

US pilot rescue from Iran involved a complex, high-stakes operation. American forces successfully extracted a pilot shot down over hostile territory, demonstrating advanced intelligence and special forces capabilities.