Image: Randy George, Pete Hegseth / Reuters
യുഎസ് സൈനിക മേധാവിയോട് രാജിവച്ചൊഴിയാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജിനോട് വിരമിക്കാനാവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
റാണ്ടിയോട് അടിയന്തരമായി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട കാര്യം പെന്റഗണ്‍ പ്രതിരോധ കേന്ദ്രവും സ്ഥിരീകരിക്കുന്നുണ്ട്. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, ആർമി സെക്രട്ടറി ഡാനിയൽ ഡ്രിസ്‌കോൾ, ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡെറെമർ എന്നിവരെയും മാറ്റിനിർത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദി അറ്റ്ലാന്റിക്’ റിപ്പോർട്ടില്‍ പറയുന്നു.
അമേരിക്കന്‍ ഇസ്രയേല്‍ സൈന്യം ഇറാനെതിരെ സംയുക്തമായി നടത്തുന്ന സൈനിക നീക്കം ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കിടെയാണ് ഭരണകൂടത്തിലും സൈന്യത്തിലും ഈ അഴിച്ചുപണി നടത്തുന്നത്. 2026 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അമേരിക്കന്‍ ഭരണകൂടത്തിലുള്‍പ്പെടെ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇതിനോടകം തന്നെ പന്ത്രണ്ടിലധികം മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പീറ്റ് ഹെഗ്‌സെത്ത് ചുമതലകളിൽ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെയും മോശം പ്രകടനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തല്‍സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന്റെ അതൃപ്തിയുമാണ് കാരണങ്ങളായി കണക്കാക്കുന്നത്. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമി ഗ്രാജ്വേറ്റ് ആയ റാണ്ടി ആദ്യ ഗള്‍ഫ് യുദ്ധത്തിലും ഇറാഖ്, അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിലും യുഎസ് സേനയുടെ ഭാഗമായിരുന്നു. 2023ല്‍ ആണ് റാണ്ടി സൈനിക തലപ്പത്തേക്കെത്തിയത്. നാലുവര്‍ഷം നീണ്ട ഉന്നത സൈനികപദവിയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് വച്ചൊഴിയേണ്ടി വന്നിരിക്കുന്നത്. നേരത്തേ വൈസ് ചീഫ് ഓഫ് ആര്‍മിയായും, മുതിര്‍ന്ന സൈനിക ഉപദേഷ്ടാവായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.