masoud-iran

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുളള ഏത് ആക്രമണത്തേയും പ്രതിരോധിക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഗള്‍ഫ് മേഖലയില്‍ വികസനവും സമാധാധവും സ്ഥിരതയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആ മണ്ണില്‍ നിന്നും ശത്രുക്കളെ ആട്ടിയോടിക്കാന്‍ പെസെഷ്കിയാന്‍ അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. 

ഇസ്രായേലിനും അമേരിക്കയ്ക്കും പിന്തുണ നൽകുന്നതിനെതിരെ കടുത്ത മുന്നറിയിപ്പാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്നത്. മേഖലയിലെ രാജ്യങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്. അതേസമയം തന്നെ ദുബായിലെ രണ്ട് യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍ ഔദ്യോഗിക വാർത്താ ഏജൻസി ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.

മുന്‍പുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് യുഎസ് സൈനികരെ മാറ്റിപ്പാര്‍പ്പിച്ച കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായത്. ഏകദേശം 500ലേറെ ആളുകള്‍ താമസിച്ചിരുന്ന മേഖലകളിലാണ് ആക്രമണമുണ്ടായത്. ഐആര്‍ജിസി നടത്തിയ ഡ്രോണ്‍–മിസൈല്‍ ആക്രമണത്തില്‍ യുഎസ് താവളങ്ങള്‍ പൂര്‍ണമായും തകര്‍ത്തെന്നും ഇറാന്‍ അവകാശപ്പെട്ടു. ഇതിനിടെ പശ്ചിമേഷ്യയിലേക്ക് വീണ്ടും സൈനികരെ വിന്യസിക്കാനുള്ള നീക്കത്തിലാണ് പെന്റഗണ്‍. 82 എയര്‍ബോണ്‍ ഡിവിഷനിലെ സൈനികരും യുദ്ധമുഖത്തെത്തുമെന്നാണ് സൂചന. 

1500-ൽ താഴെ സൈനികരെയായിരിക്കും ആദ്യഘട്ടത്തിൽ അയക്കുകയെന്നും ചില ഘട്ടത്തില്‍ ഇത് 3,000 വരെയാകാം എന്നും പറയുന്നു. ഇറാന്‍ എണ്ണ കയറ്റുമതിയുടെ 90ശതമാനവും നടക്കുന്ന ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാനുള്ള സാധ്യതയും അമേരിക്ക പരിഗണിക്കുകയാണ്. അമേരിക്കയുടെ സൈനികനീക്കം മുന്നില്‍ക്കണ്ട് ഖാര്‍ഗിനു ചുറ്റും ഇറാന്‍ മൈനുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. 

Iran Warns of Strong Retaliation Amidst Regional Tensions:

Iran warns of strong retaliation against any attacks on its infrastructure and economic centers, with President Masoud Pezeshkian calling for Arab nations to drive enemies from the region for development and peace. Iran is also reportedly targeting US military bases in Dubai.