പശ്ചിമേഷ്യന്‍ യുദ്ധം ഒരു മാസം പിന്നിട്ട വേളയില്‍ യുദ്ധമുഖത്തേക്ക് നേരിട്ട് രംഗപ്രവേശം നടത്തി യെമനിലെ ഹൂതി വിമതര്‍. ഇറാന്റെ ഏറ്റവും വലിയ സഖ്യകക്ഷികളാണ് ഹൂതികള്‍. രണ്ട് മിസൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യംവച്ച് വിക്ഷേപിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു. ഇറാനെതിരായ അധിനിവേശ നടപടികള്‍ യുഎസും ഇസ്രയേലും അവസാനിപ്പിക്കുന്നതുവരെ തങ്ങളുടെ ആക്രമണം തുടരുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. അതേസമയം മിസൈല്‍ ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്നും വ്യക്തമാക്കി.
ഇതിനിടെ യുദ്ധം കൊഴുപ്പിക്കാന്‍ യുഎസ്എസ് ട്രിപ്പോളിയില്‍ 3500ഓളം നാവികരേയും മറീനുകളേയും പശ്ചിമേഷ്യയിലെത്തിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ കനത്ത വ്യോമാക്രമണവും തുടരുകയാണ്. അബുദാബിയിലെ കെസാദ് ഇക്കണോമിക് സോണിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.
സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിലുണ്ടായ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണത്തിൽ റഡാർ സംവിധാനങ്ങൾ തകരാറിലായി. ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
യുഎഇക്കു നേരെ 20 ബാലിക്റ്റിക് മിസൈലുകളും 37 ഡ്രോണുകളും ആക്രമണം നടത്തി. ഒമാനിലെ സലാല തുറമുഖത്ത് ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് കപ്പൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. അതേസമയം പാക്കിസ്ഥാന്റെ 20 കപ്പലുകള്‍ ഹോര്‍മൂസിലൂടെ പോകാന്‍ അനുവദിക്കുമെന്ന് ഇറാന്‍ സമ്മതിച്ചതായി പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ പറഞ്ഞു. ഇതിനിടെ ലെബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. യുദ്ധം ഒരു മാസം പിന്നിടുന്നതിനിടെ ആയിരത്തോളം ജീവനുകള്‍ നഷ്ടമായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് െചയ്യുന്നു.