US Airforce crews work on B1 Lancer bombers, that are running an engine test parked on the apron at RAF Fairford, England, Tuesday, March 10, 2026. (AP Photo/Alastair Grant)
പശ്ചിമേഷ്യന്‍ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കെ നിലപാട് ശക്തമാക്കി സ്വിറ്റ്സര്‍ലന്‍ഡ്. യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നല്‍കില്ലെന്ന് സ്വിസ് സര്‍ക്കാര്‍. സ്വിസ് വ്യോമപരിധി ഉപയോഗിക്കാന്‍ അനുമതി നൽകണമെന്ന് അമേരിക്ക പലതവണ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്. Also Read: മുജ്തബ ഖമനയി കൊല്ലപ്പെട്ടു? ജീവനോടെ പിന്നീട് കണ്ടിട്ടില്ലെന്ന് ഡോണള്‍ഡ് ട്രംപ്
മറ്റ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധനീക്കങ്ങള്‍ക്കും സൈനിക നീക്കങ്ങള്‍ക്കുമായി തങ്ങളുടെ രാജ്യം പിന്തുണ നല്‍കില്ലെന്ന് നേരത്തേ തന്നെ സ്വിറ്റ്സര്‍ലന്‍ഡ് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായുളള നിക്ഷ്പക്ഷ നിയമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. രണ്ട് യുഎസ് നിരീക്ഷണ വിമാനങ്ങളുടെ അപേക്ഷകളാണ് സ്വിസ് നിരസിച്ചത്.
അതേസമയം തന്നെ യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത മൂന്ന് വിമാനങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡ് ആകാശപരിധി തുറന്നുകൊടുത്തിരുന്നു. ഇവ യുദ്ധവുമായി ബന്ധപ്പെട്ടവയല്ലെന്ന് അധികൃതർ ഉറപ്പാക്കിയ ശേഷമായിരുന്നു തീരുമാനം. ഒരു മെയിന്റനൻസ് വിമാനത്തിനും രണ്ട് യാത്രാ വിമാനങ്ങള്‍ക്കുമാണ് അനുമതി നല്‍കിയത്. തീരുമാനത്തെക്കുറിച്ച് സ്വിസ് ഫെഡറല്‍ കൗൺസിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
‘യുഎസ് സൈനിക വിമാനങ്ങളുടെ വ്യോമാതിർത്തി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി അഭ്യർത്ഥനകളിൽ സ്വിസ് ഫെഡറൽ കൗൺസിൽ തീരുമാനമെടുത്തു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട രണ്ട് അഭ്യർത്ഥനകൾ നിരസിച്ചു, അതേസമയം ഒരു മെയിന്റനൻസ് വിമാനത്തിനും രണ്ട് ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും അനുമതി നൽകി’–കൗണ്‍സില്‍ അറിയിച്ചു.
എന്താണ് സ്വിറ്റ്സർലന്‍ഡിന്റെ നിഷ്പക്ഷതാ നിയമം?
നൂറ്റാണ്ടുകളായി സ്വിറ്റ്സർലന്‍ഡ് പിന്തുടരുന്നതാണ് ഈ നിക്ഷ്പക്ഷതാ നിയമം. രാഷ്ട്രീയവും സൈനികവുമായ നയമാണിത്. അതായത് രാജ്യാന്തര സംഘര്‍ഷങ്ങളില്‍ ഒരു പക്ഷവും പിടിക്കില്ല, മറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ പങ്കെടുക്കില്ല, സൈനിക സഖ്യങ്ങളുടെ ഭാഗമാവില്ല, യുദ്ധത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് സൈനിക സഹായമോ സാമ്പത്തിക സഹായമോ നല്‍കില്ല.
മാത്രമല്ല യുദ്ധ സാഹചര്യങ്ങളില്‍ സ്വന്തം ആകാശപരിധി വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നതാണ് മറ്റൊരു കാര്യം. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നേരത്തേ തന്നെ നിലപാട് തുറന്നുപറഞ്ഞിരുന്നെങ്കിലും സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തിലാണ് യുഎസ് സൈനിക വിമാനങ്ങള്‍ക്കായി കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കപ്പെട്ടതെന്നും സ്വിറ്റ്സര്‍ലന്‍ഡ് വ്യക്തമാക്കുന്നു.