ഇറാനിലെ സൈനിക നടപടികൾ പൂർത്തിയായാൽ അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിലേക്കായിരിക്കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന് നൽകിയ സ്വീകരണത്തിനിടെയാണ് ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ. ക്യൂബയിൽ സംഭവിക്കുന്നത് അദ്ഭുതകരമായ കാര്യങ്ങളാണെന്നും അവിടേക്കുള്ള നീക്കം സമയത്തിന്റെ പ്രശ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്.
മിയാമിയിലെ ക്യൂബൻ വംശജരോടായി സംസാരിക്കവെയാണ് ട്രംപ് തന്റെ പദ്ധതികൾ വ്യക്തമാക്കിയത്. ക്യൂബൻ കുടിയേറ്റക്കാരന്റെ മകനായ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് പ്രശംസിച്ചു. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ ആക്രമണത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം, ശത്രുവിനെ പൂർണമായും നശിപ്പിക്കുകയാണെന്നും ഇറാന്റെ വ്യോമസേനയും നാവികസേനയും തകർത്തതായും അവകാശപ്പെട്ടു. വെറും മൂന്ന് ദിവസത്തിനുള്ളിൽ 24 ഇറാനിയൻ കപ്പലുകൾ തകർത്തെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ യുഎസ് ഉപരോധം മൂലം കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ക്യൂബ. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതോടെ ക്യൂബയിലേക്കുള്ള എണ്ണ വിതരണം നിലച്ചിരിക്കുകയാണ്. ഹവാനയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അമേരിക്കയുടേതെന്ന് സൂചനയുണ്ട്. സമാധാന ചർച്ചകൾക്കായി ഇറാന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടെങ്കിലും തങ്ങൾ പോരാട്ടം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.