വിപ്ലവമെന്ന സോഷ്യലിസ്റ്റ് ആശയത്തിന്റെ ആള്‍രൂപമായിരുന്ന ഫിദല്‍ കാസ്ട്രോയ്ക്ക് ഇന്ന് ജന്മശതാബ്ദി.  ലോകമെമ്പാടുമുള്ള മര്‍ദിതരെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പ്രചോദിപ്പിച്ച വിപ്ലവകാരിയായിരുന്നു ഫിദല്‍.  സംഭവബഹുലമായ ആ ജീവിതം വരാനിരിക്കുന്ന തലമുറകള്‍ക്കും പ്രചോദനമാണ്. 

തൊണ്ണൂറാം വയസില്‍ കടന്നുപോകുമ്പോഴും യൗവനതീക്ഷ്ണമായ  വിപ്ലവ തീജ്വാലയായിരുന്നു ഫിദല്‍ കാസ്ട്രോ.  കാലം കാസ്ട്രോയുടെ ബാഹ്യരൂപത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ലോകം കണ്ടതേയില്ല. കാരണം ഫിഡല്‍ സ്വയം ഒരു ചരിത്രവും വരാനിരിക്കുന്ന വിപ്ലവങ്ങള്‍ക്ക് വെളിച്ചമാകാന്‍ തെളിച്ചുവച്ച ദീപശിഖയുമായിരുന്നു.  ക്യൂബന്‍ മണ്ണില്‍ ആണ്ടിറങ്ങിയ സ്വേച്ഛാധിപത്യത്തോട്  പലരൂപങ്ങളില്‍ മുഖാമുഖം പോരാടിയും തളര്‍ന്നുവീണും തിരിച്ചെത്തിയും ഒടുവില്‍ ആ മര്‍ദകഭരണത്തിന്റെ മൂലവേര് പിഴുതെടുത്ത് പീഡിതരുടെ രക്ഷയ്ക്കെത്തിയ അനശ്വരനായ വിപ്ലവകാരി.  

1953 ല്‍  ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റെക്കെതിരായ സായുധ സമരത്തിനു തുടക്കം കുറിക്കുമ്പോള്‍ നഷ്ടപ്പെടാന്‍ സ്വന്തം ജീവന്‍ മാത്രമായിരുന്നു ഫിഡലിനും സഖാക്കള്‍ക്കുമുണ്ടായിരുന്നത്.  അന്ന് പട്ടാളബാരക്ക് ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ   ജയിലിലേക്ക്. പുറത്തിറങ്ങി മെക്സികോയിലെ ഒളിവുജീവിതം.  ആ ഒളിവുകാലത്താണ് ചെ ഗുവാരയെ കാസ്ട്രോ ആദ്യമായി കാണുന്നത്.  56 ഡിസംബറില്‍  82 അംഗ ചാവേര്‍പ്പടയുമായി കടല്‍മാര്‍ഗം ക്യൂബയിലേക്ക്. പക്ഷെ, സൈന്യം ആക്രമിച്ചു. സംഘത്തിലെ ഭൂരിഭാഗവും പേരും കൊല്ലപ്പെട്ടു. ശേഷിച്ചവരുമായി കാടുകയറിയ കാസ്ട്രോ നടത്തിയ ഗറില്ലാ യുദ്ധമാണ് രാജ്യത്തിന്റെ വിമോചനത്തിന് വഴിതുറന്നത്. സാന്താക്ലാര നഗരം കീഴടക്കി ചെഗുവേരയും പോരാളികളും അമേരിക്കന്‍ അനുകൂലിയായ  ബാറ്റിസ്റ്റയുടെ മര്‍ദകഭരണത്തിന് അന്ത്യംകുറിച്ചു. അങ്ങനെ ക്യൂബ പാശ്ചാത്യലോകത്തെ ആദ്യ കമ്യൂണിസ്റ്റ് രാജ്യമായി. 

 1959 ല്‍ ഫിദല്‍ ക്യൂബയുടെ പ്രധാനമന്ത്രിയും പിന്നീട്  പ്രസിഡന്റുമായി.  മരണംവരെ അമേരിക്കയുടെ കണ്ണിലെ കരടായി. ‍പതിനൊന്ന് യുഎസ് പ്രസിഡന്റുമാരെയാണ് ഫിദൽ അതിജീവിച്ചത്. വധശ്രമങ്ങള്‍ നൂറിലേറെ തവണ. ഉപരോധങ്ങള്‍ വേറെ. ക്യൂബയ്ക്ക് കവചമൊരുക്കി സോവിയറ്റ് യൂണിയന്‍ മിസൈലുകള്‍ നിരത്തിവച്ചപ്പോള്‍ മൂന്നാം ലോകയുദ്ധം അരികെയെന്ന് ലോകം ആശങ്കപ്പെട്ടു. മൂന്നാം ലോക രാജ്യങ്ങളുടെ ശാക്തികചേരി സ്വപ്നംകണ്ട കാസ്ട്രോ  ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു. മണിക്കൂറുകള്‍ നീളുന്ന  ഫിദലിന്‍റെ പ്രസംഗങ്ങള്‍ ക്യൂബയുടെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ ഫിദൽ നടത്തിയ 269 മിനിറ്റ് പ്രസംഗം ചരിത്രമാണ്.. 

2008 ല്‍ രാജ്യത്തിന്റെ ഭരണവും 2011 ല്‍ പാര്‍ട്ടി ചുമതലും കൈമാറി ഫിദല്‍ കളംവിട്ടു.   2016 നവംബറില്‍ വിടപറഞ്ഞു.  ‘ചരിത്രം എന്നെ മോചിപ്പിക്കും’. ആദ്യ അട്ടിമറിശ്രമം പരാജയപ്പെട്ടവേളയില്‍ കോടതിയില്‍ സ്വയംവാദിച്ച ഫിദല്‍ പറഞ്ഞ വാചകമാണിത്. ലാറ്റിനമേരിക്കയെ ചൂഷണങ്ങളില്ലാത്തകാലം സ്വപ്നംകാണാന്‍ പഠിപ്പിച്ച കാസ്ട്രോ തന്റെ ശരികളിലേക്ക് ചൂണ്ടിയ വിരലായിരുന്നു ചരിത്രപ്രസിദ്ധമായ ആ വാചകം.

ENGLISH SUMMARY:

Fidel Castro was the embodiment of the socialist concept of revolution, inspiring the oppressed worldwide. His eventful life continues to be a source of inspiration for future generations.