എല്‍പിജി ബുക്ക് ചെയ്യുമ്പോൾ പഴയതിനേക്കാൾ കൂടുതൽ പണം നൽകേണ്ടി വരുന്നുണ്ടോ? സബ്സിഡിക്ക് എന്തുപറ്റി? ഓരോ വീട്ടിലെയും ബജറ്റിലെ പ്രധാന ഘടകമാണ് ഗ്യാസ് വില. അതുകൊണ്ടുതന്നെ സബ്സിഡി വലിയ ആശ്വാസവുമാണ്. എന്നാല്‍ അത് നഷ്ടമാലോ? ഗാർഹിക എൽപിജി സബ്സിഡി മുടങ്ങാതിരിക്കാൻ കേന്ദ്രം 'ഇ-കെവൈസി' (e-KYC) നിര്‍ബന്ധമാക്കിയിരുന്നല്ലോ. ഇതിനുള്ള സമയപരിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരും. ഓഗസ്റ്റ് 16-നകം ഇ–കെ.വൈ.സി ചെയ്തില്ലെങ്കിൽ, സബ്സിഡി നഷ്ടപ്പെടുകയോ ഉയർന്ന നിരക്കിൽ സിലിണ്ടർ വാങ്ങേണ്ടി വരികയോ ചെയ്യും.
എന്തിനാണ് ഇ–കെ.വൈ.സി?
ഗ്യാസ് സിലിണ്ടർ സബ്സിഡി, അർഹരായ ആളുകൾക്ക് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് സർക്കാർ ഇ–കെ.വൈ.സി നിര്‍ബന്ധമാക്കിയത്. ആധാർ വിവരങ്ങളും ഗ്യാസ് കണക്ഷനും തമ്മിൽ ബന്ധിപ്പിക്കുകയാണ് ഇതിന്റെ അടിസ്ഥാനം. മരിച്ചവരുടെയും, വിദേശത്തുള്ളവരുടെയും പേരിലുള്ള കണക്ഷനുകൾ ഒഴിവാക്കി കൃത്യമായ പട്ടിക തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇ-കെവൈസി എങ്ങനെ ചെയ്യാം?
1. നിങ്ങളുടെ എല്‍പിജി കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. മൊബൈലില്‍ ലഭിക്കുന്ന ഒടിപി എന്‍റര്‍ ചെയ്ത് ഫോൺ നമ്പർ വെരിഫൈ ചെയ്യുക.
4. നിങ്ങളുടെ എൽപിജി അക്കൗണ്ട് ലിങ്ക് ചെയ്യുക. ഇൻഡെയ്ൻ ഉപഭോക്താക്കൾ 16 അക്ക എൽപിജി ഐഡി നൽകി വേണം അക്കൗണ്ട് ലിങ്ക് ചെയ്യാന്‍. ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം ആപ്പുകളിൽ ഇതിനായി നേരിട്ടുള്ള ഓപ്ഷൻ ലഭ്യമാണ്.
5. ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾക്ക് 'MY PROFILE' ടാബിലും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹോം പേജിലും, എച്ച്പി പേ (HP Pay) ആപ്പിൽ 'എല്‍പിജി സെക്ഷന്‍' വിഭാഗത്തിലും ഇ-കെവൈസി ഓപ്ഷൻ കാണാം.
6. നിബന്ധനകളും വ്യവസ്ഥകളും വായിച്ച് മനസിലാക്കിയ ശേഷം ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷന് (Face Authentication) പെർമിഷൻ നൽകുക.
7. ഫെയ്സ് സ്കാൻ (Face Scan/Capture Face) ക്ലിക്ക് ചെയ്ത്, 'AadhaarFaceRD' ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക. സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുക.
ഇനി തനിയെ ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് നേരിട്ട് ഗ്യാസ് ഏജൻസികളിൽ പോയി ബയോമെട്രിക് പരിശോധന വഴിയും ചെയ്യാം. ഇതിന് ആധാർ കാർഡും, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോണും കയ്യിൽ കരുതുക.
അര്‍ഹതയുള്ള സബ്സിഡി നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമയം കളയേണ്ട. ഇ–കെവൈസി ഉടന്‍ പൂര്‍ത്തിയാക്കാം.