നിലക്കടലയോട് മാരകമായ അലര്‍ജിയുള്ള യുവതിക്ക് പീനട്ട് ബട്ടര്‍ പുരട്ടി കാര്‍ഡ് അയച്ച കേസില്‍ 68 കാരനായ ജോസഫ് ജെറാർഡ് കാൻസെല്ലാരെ അറസ്റ്റില്‍. തന്റെ വിവാഹബന്ധം തകരാന്‍ ഈ യുവതിയാണ് കാരണമെന്നാണ് യുവാവിന്റെ ആരോപണം. അതിനു പ്രതികാരമായാണ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
ജോസഫ് ജെറാർഡ് കാൻസെല്ലാരെയുടെ മുന്‍ ഭാര്യയുടെ അടുത്ത സുഹൃത്താണ് ഈ പരാതിക്കാരി. 2025 ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ 2026 നവംബര്‍ 13നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
സംഭവം നടക്കുന്നതിങ്ങനെ, 2025 ഓഗസ്റ്റ് 14. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി വീടിനുപുറത്ത് നീലനിറത്തിലുള്ള ഒരു കവര്‍ കിടക്കുന്നത് കാണുന്നു. എണ്ണമയമുള്ള കവറില്‍ തന്റെ പഴയമേല്വിലാസമാണ് എഴുതിയിരിക്കുന്നതെന്ന് പരാതിക്കാരി മനസിലാക്കുന്നു. കവര്‍ തുറന്നു നോക്കിയപ്പോള്‍ അതിലെന്തോ തവിട്ടുനിറത്തിലുള്ള പദാര്‍ഥം പുരട്ടിയ നിലയിലായിരുന്നു. പിന്നീടാണ് അത് പീനട്ട് ബട്ടറാണെന്ന് യുവതി മനസിലാക്കിയത്. ഉടന്‍ തന്നെ കവര്‍ കളഞ്ഞ് യുവതി വീടിനുള്ളിലേക്ക് പോകുകയും കൈകള്‍ കഴുകുകയും ചെയ്തു.
പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ യുവതിയുടെ ഇരുകൈകളും അലര്‍ജിമൂലം കുരുക്കള്‍ പൊങ്ങിയിരുന്നു. ഉടന്‍ തന്നെ യുവതി ആശുപത്രിയില്‍ ചികില്‍സ തേടി. തനിക്ക് ആറുമണികൂറോളം അസ്വസ്ഥത അനുഭവിച്ചുവെന്നും നിലക്കടലയുമായി നേരിട്ട് സമ്പർക്കമുണ്ടായാലോ, അതിന്റെ അംശം ശ്വസിച്ചാലോ പോലും ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള ഗുരുതരമായ അലർജിയാണ് തനിക്കുള്ളതെന്നും യുവതി പൊലീസിനെ അറിയിച്ചു. 2017ലെ പൊലീസ് രേഖകളും മെഡിക്കൽ റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ട്.
പ്രതിയും യുവതിയും തമ്മിൽ രണ്ട് പതിറ്റാണ്ടിലേറെയായി പരിചയമുണ്ട്. യുവതിയുടെ ഗുരുതരമായ അലർജിയെക്കുറിച്ച് ഇയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന്, ഇതിന് കാരണക്കാരായവരെ ഉപദ്രവിക്കുമെന്ന് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ മൊഴി നല്കി. യുവതിക്ക് ഗുരുതരമായ പരുക്കോ മരണമോ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാൾ ഇത് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യുഎസ് പോസ്റ്റൽ ഇൻസ്പെക്ടറുമായി ചേർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. കവറിൽ ഒട്ടിച്ചിരുന്ന രണ്ട് സ്റ്റാമ്പുകൾ വച്ചു നടത്തിയ പരിശോധനയില്‍ അവ ഏതു പോസ്റ്റ് ഓഫിസില്‍ നിന്ന് വാങ്ങിയതാണെന്ന് കണ്ടെത്തി. സ്റ്റാമ്പിലെ 15 അക്ക കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, കാൻസെല്ലാരെയുടെ പേരിലുള്ള വിസ കാർഡ് ഉപയോഗിച്ചാണ് പണമടച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കാൻസെല്ലാരെ അറസ്റ്റ് ചെയ്തു. ആരെയും സംശയം തോന്നാതിരിക്കാൻ സ്വന്തം നഗരത്തിന് പുറത്തുള്ള പോസ്റ്റ് ഓഫിസിൽ സൺഗ്ലാസ് ധരിച്ചെത്തിയാണ് ഇയാൾ സ്റ്റാമ്പ് വാങ്ങിയത്. കവറിൽ വ്യാജപേരും മേൽവിലാസവുമാണ് നൽകിയിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ജയിലിലേക്ക് മാറ്റി.