നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ പൊലീസിന്റെ നോട്ടപ്പുള്ളി സൈനുദ്ദീനെ ഒടുവില്‍ കയ്യോടെ പിടികൂടി പൊലീസ്. മഞ്ചേരി പൊലീസും മലപ്പുറം ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സൈനുദ്ദീന്‍ കുടുങ്ങിയത്. പൊലീസ് എത്തുബോൾ കള്ളൻ സൈനുദ്ദീന്‍ ഒരു കോടി മുടക്കി നിര്‍മിക്കുന്ന തന്‍റെ വീട് നിർമാണത്തിന്‍റെ തിരക്കിലായിരുന്നു. 

മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്ക് എടുത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ആദ്യം ആളുകൾ ഇല്ലാത്ത വീടുകള്‍ നോക്കിവയ്ക്കും, പിന്നാലെ മോഷണം നടത്തും. തെളിവുകളെല്ലാം നശിപ്പിച്ച ശേഷം അടുത്ത മോഷണം ആസൂത്രണം ചെയ്യും. മോഷണമുതല്‍ ഉപയോഗിച്ച് ആഡംബര കാറിൽ സഞ്ചരിച്ചും കോടികൾ മുടക്കി വീട് നിർമ്മിച്ചും രാജകീയ ജീവിതം നയിക്കവേ പൊലീസ് പിടിച്ചു. ഒരു പ്രദേശത്ത് കവർച്ച നടത്തിയശേഷം അവിടെ നിന്ന് മുങ്ങി അടുത്ത ജില്ലയില്‍ പൊങ്ങും, പിന്നെ അവിടെ സുഖ ജീവിതം. ഇത്തരത്തില്‍ പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു. പൊലീസ് പിടിക്കുന്ന സമയം മഞ്ചേരിക്കടുത്തുള്ള കാവനൂർ വടക്കമല റോഡിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന തന്‍റെ പുതിയ ആഡംബര വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു. 

പതിനെട്ടാം വയസില്‍ മോഷണം തുടങ്ങിയ സൈനുദ്ദീന്റെ പേരിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം കളവ് കേസുകൾ നിലവിലുണ്ട്. പാലക്കാട് ജില്ലയിലെ നിരവധി മോഷണക്കേസുകളിൽപ്പെട്ട് ജയിലിലായിരുന്ന ഇയാൾ 2024-ലാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് കോഴിക്കോട് ജില്ലയിൽ ഒരു പോക്സോ കേസിലും പ്രതിയായി. തേഞ്ഞിപ്പാലത്ത് നിന്ന് മഞ്ചേരിക്കടുത്തുള്ള കാവനൂർ, രാമൻകുളം എന്നിവിടങ്ങളിലേക്ക് സഹോദരിക്കും കുടുംബത്തിനുമൊപ്പം വാടകവീടുകളിലേക്ക് താമസം മാറിയ ഇയാൾ, താനൊരു വസ്ത്രവ്യാപാരിയാണെന്നാണ് അയൽക്കാരെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചിരുന്നത്. പകൽ സമയങ്ങളിൽ ആഡംബര കാറിൽ കറങ്ങി നടന്ന് ആൾതാമസമാല്ലാത്ത വീടുകൾ കണ്ടെത്തും. അർധരാത്രി ഇരുചക്ര വാഹനത്തിലെത്തി  മുഖം മറച്ചും കയ്യിൽ ഗ്ലൗസുകൾ ധരിച്ചും മോഷണം നടത്തി തെളിവുകൾ  ബാക്കിയാക്കാതെ രക്ഷപ്പെടും. പ്രത്യേക ആയുധം ഉപയോഗിച്ചാണ് വീടിന്റെ മുൻഭാഗത്തെ വാതിലുകൾ പൊളിച്ച് അകത്തു കയറി കവർച്ച നടത്തിയിരുന്നത്. 

കവർച്ച നടത്തിയ വീടുകളിലെല്ലാം സിസിടിവി ക്യാമറ ഹാർഡ് ഡിസ്കുകൾ  എടുത്തോ, കേടാക്കിയോ തെളിവുകൾ  നശിപ്പിക്കുകയായിരുന്നു രീതി.ജയിലിൽ നിന്നിറങ്ങിയ ശേഷം പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന ഇയാൾ, കോടികൾ ചെലവഴിച്ച് ആഡംബര വീട് നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് രഹസ്യമായി നിരീക്ഷണം തുടങ്ങിയത്. മഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദുള്ള, സാലിം എ., ധനേഷ്, ബിജു, മുജീബ് എന്നിവരും മലപ്പുറം ഡാൻസാഫ് സംഘവും ചേർന്നാണ് സൈനുദ്ദീനെ വലയിലാക്കിയത്. സൈനുദ്ദീനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A notorious thief named Sainudheen, wanted in nearly 100 burglary cases across Kerala, was arrested by Manjeri police and the Malappuram DANSAF squad while overseeing the construction of his new ₹1-crore luxury house. Posing as a garment merchant, he scouted uninhabited houses in luxury cars by day and broke in through front doors at night while destroying CCTV evidence.