അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള തർക്കത്തിനൊടുവിൽ ബ്രിട്ടീഷ് യുവതിയെ പിതാവ് വെടിവെച്ചുകൊന്നു. ബ്രിട്ടനിലെ വാറിംഗ്ടൺ സ്വദേശിനിയും ഫാഷൻ ബയറുമായ ലൂസി ഹാരിസൺ എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. ടെക്സസിൽ താമസിക്കുന്ന പിതാവ് ക്രിസ് ഹാരിസണെ സന്ദർശിക്കാൻ എത്തിയതായിരുന്നു ലൂസി.
സംഭവദിവസം രാവിലെ ഡൊണാൾഡ് ട്രംപിനെച്ചൊല്ലി പിതാവും മകളും തമ്മിൽ വലിയ വാഗ്വാദം നടന്നിരുന്നു. രാഷ്ട്രീയ ചർച്ചയ്ക്കിടെ സ്ത്രീകളോടുള്ള ട്രംപിന്റെ സമീപനത്തെക്കുറിച്ച് ലൂസി ചോദ്യം ഉന്നയിച്ചു. 'ലൈംഗികമായി അതിക്രമിക്കപ്പെട്ട ഒരു പെൺകുട്ടി ഞാനായിരുന്നെങ്കിൽ നിങ്ങൾക്ക് എന്ത് തോന്നുമായിരുന്നു?' എന്നായിരുന്നു ഒടുവിൽ ലൂസിയുടെ ചോദ്യം. 'എനിക്ക് മറ്റ് രണ്ട് പെൺമക്കൾ കൂടിയുണ്ട്, അതുകൊണ്ട് എന്നെ അത് അത്രയൊന്നും ബാധിക്കില്ല' എന്നായിരുന്നു ക്രിസ് ഹാരിസന്റെ മറുപടി.
ഈ മറുപടി ലൂസിയെ വല്ലാതെ വിഷമിപ്പിച്ചു. അതിന് ശേഷം തോക്ക് കാണിക്കാനായി ക്രിസ് മകളെ കിടപ്പുമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. തന്റെ പക്കലുള്ള ഗ്ലോക്ക് 9mm തോക്ക് കാണിക്കാനായി ഉയർത്തിയപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് പിതാവിന്റെ വാദം.