പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ച നടത്താമെന്നു ട്രംപ് പറഞ്ഞു.
അതേസമയം, ഒമാൻ തീരക്കടലിൽ എണ്ണക്കപ്പലിനുനേരെ നടന്ന ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടു. എംകെഡി വ്യോം എന്ന എണ്ണക്കപ്പലിനു നേരെയായിരുന്നു ആക്രമണം. മധ്യസ്ഥശ്രമവുമായി ഒമാന്‍ രംഗത്തെത്തി. ഒമാന്‍–ഇറാന്‍ വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാകുമെന്ന് ഒമാന്‍ ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഒമാന്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി. സ്ഥിതിക്ക് അയവുവരുത്താന്‍ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നാണ് ജി.സി.സി രാജ്യങ്ങളുടെ പൊതുവികാരം.
Also read: യുഎസ് പടക്കപ്പല്‍ ഏബ്രഹാം ലിങ്കണ് നേരെ കുതിച്ച് ബാലിസ്റ്റിക് മിസൈലുകള്‍; മൂര്‍ച്ച കൂട്ടി ഇറാന്‍
ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു യു.എസ് സേന അറിയിച്ചു. മൂന്ന് സൈനികര്‍ക്ക് ഗുരുതര പരുക്കുണ്ട്. അതിനിടെ യുഎസ് പോര്‍വിമാനവാഹിനി കപ്പല്‍ യുഎസ്എസ് ഏബ്രഹാം ലിങ്കണിനുനേരെ ആക്രമണം നടത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചെന്നാണ് ഐ.ആര്‍.ജി.സി വ്യക്തമാക്കിയത്. എന്നാല്‍ ഇറാന്‍ അവകാശവാദം തള്ളിയ യു.എസ് സേന മിസൈലുകള്‍ പടക്കപ്പലിന് അടുത്തുപോലും എത്തിയില്ലെന്ന് അറിയിച്ചു. ഇറാന്‍റെ ആക്രമണത്തില്‍ യുഎഇ യിലെ ഇന്ത്യന്‍ പൗരന്‍ അപകടനില തരണം ചെയ്തു.
ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ 10 പേര്‍ മരിച്ചു. യുഎഇയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 58 പേര്‍ക്ക് പരുക്കുണ്ട്. കുവൈത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റു. ബഹ്റൈനില്‍ ജുഫൈര്‍ മേഖല ലക്ഷ്യമാക്കി ഡ്രോണുകള്‍ എത്തി. ദുബായ് നഗരത്തിലും ഡ്രോണ്‍ ആക്രമണമുണ്ടായി. റിയാദില്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി സൗദി പ്രതിഷേധമറിയിച്ചു. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തില്‍ 21 പേര്‍ മരിച്ചു. ഗൾഫ് മേഖലയിൽ കടുത്ത ആശങ്കയാണ്.
കറാച്ചി വിമാനത്താവളത്തിൽ രണ്ട് മലയാളികൾ കുടുങ്ങി. പാലക്കാട് സ്വദേശികളായ സ്മൃതി മേനോൻ, രശ്മി മേനോൻ എന്നിവരാണ് കുടുങ്ങിയത്. അസർബൈജാനിന്റെ തലസ്ഥാനമായ ബാക്കുവിൽ നിന്നും കുവൈത്തിലേക്ക് പോകുന്നതിനിടെയാണ് കറാച്ചി വിമാനത്താവളത്തിൽ ഇരുവരും കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി നോർക്ക അധികൃതർ അറിയിച്ചു. ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നായി നോർക്ക കോൾ സെൻ്ററിലേക്ക് 541 പേരുടെ വിളി എത്തിയതായും നോർക്ക അധികൃതർ അറിയിച്ചു.