പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടി കടുപ്പിച്ച് ഇറാന്‍. അമേരിക്കയുടെ പോര്‍വിമാന വാഹിനി കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണില്‍ നാല് മിസൈലുകള്‍ പതിച്ചു. ജുഫയിര്‍ മേഖല ലക്ഷ്യമാക്കി ഡ്രോണുകള്‍ വിന്യസിച്ചു. ദുബായ് ഇന്‍റര്‍നാഷണല്‍ സിറ്റിയിലും ഡ്രോണ്‍ ആക്രമണം നടത്തി. ഇതിനിടെ ഇറാൻ സ്ഥാനപതിയെ സൗദി അറേബ്യ വിളിച്ചുവരുത്തി . കുവൈത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും 32 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: കറാച്ചി യു.എസ് കോണ്‍സുലേറ്റ് അടിച്ചുതകര്‍ത്ത് തീയിട്ടു, ഇരച്ചുകയറി ജനക്കൂട്ടം; 9 പേർ കൊല്ലപ്പെട്ടു
ഗള്‍ഫ് രാജ്യങ്ങളിലെ തന്ത്രപ്രധാനമേഖലകള്‍ ലക്ഷ്യമിട്ടാണ് ഇറാന്റെ തിരിച്ചടി. കുവൈത്തിലെ യുഎസ് സൈനികതാവളം ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. സൈനികതാവളത്തിലേക്ക് 4 മിസൈലും 12 ഡ്രോണും പ്രയോഗിച്ചു. ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടന്നാണ് അവകാശവാദം. മിസൈല്‍ ആക്രമണത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നാശനഷ്ടമുണ്ടായി. ജബല്‍ അലി തുറമുഖത്തില്‍ മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ചു. ദുബായിലും ദോഹയിലും ബഹ്റൈനിലും ഇന്നും സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ബഹ്റൈന്‍ ക്രൗണ്‍പ്ലാസ ഹോട്ടല്‍ ആക്രമിച്ചു.
ബഹ്റൈനില്‍ തുടര്‍ച്ചയായി ആക്രമിക്കുന്ന മൂന്നാമത്തെ കെട്ടിടമാണിത്. ദോഹയില്‍ പത്തിലേറെ സ്ഫോടനങ്ങളുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദോഹയിലെ വ്യവസായ മേഖലയിലെ മിസൈല്‍ ആക്രമണത്തില്‍ തീപിടിത്തം ഉണ്ടായെങ്കിലും ആര്‍ക്കും പരുക്കില്ല. ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ് 8 പേര്‍ക്ക് നേരത്തേ പരുക്കേറ്റിരുന്നു. ഇറാൻ ആക്രമണത്തില്‍ 137 മിസൈലുകളും 209 ഡ്രോണുകളും തകർത്തെന്ന് യുഎഇ അറിയിച്ചു. 209 ഡ്രോണുകളില്‍ 14 എണ്ണത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നേരിയ നാശനഷ്ടമുണ്ടായി. മിസൈലാക്രമണത്തില്‍ ദുബായ് ബുര്‍ജ് അറബ് ഹോട്ടലിന് കേടുപാട് സംഭവിച്ചു.
ടെഹ്റാനില്‍ നടത്തിയ സ്ഫോടനങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടു. ഇറാനില്‍ താല്‍ക്കാലിക ഭരണകൂടം അധികാരമേറ്റു. ഇതിനിടെ ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്‍റെ വിവിധ മേഖലകളില്‍ പ്രതിഷേധം അരങ്ങേറി. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമച്ച് കയറി. ഗള്‍ഫ് മേഖലയില്‍ ഇന്നും വിമാനങ്ങളില്ല.