മിനിയാപ്പലിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ 37കാരിയെ വെടിവച്ചുകൊലപ്പെടുത്തിയതിനെതിരെ യുഎസില്‍ കടുത്ത പ്രതിഷേധം. ബുധനാഴ്ച്ചയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ മേല്‍ വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ വെടിവച്ചുവീഴ്ത്തിയത്. സ്ത്രീയുടെ മോശം പെരുമാറ്റം കാരണമാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപും രംഗത്തെത്തിയത് വലിയ വിവാദത്തിനാണ് വഴിവച്ചത്.
‘അവർ വളരെ മോശമായാണ് പെരുമാറിയത്.അവർ ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചു. ഇടിക്കാൻ ശ്രമിക്കുകയായിരുന്നില്ല, ഇടിക്കുക യായിരുന്നു’വെന്നാണ് യുവതിയെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ സംഭവത്തിന്റെ വിഡിയോയും ട്രംപ് പുറത്തുവിട്ടു. യുവതിയുെട പെരുമാറ്റം കൊണ്ടാണ് വെടിവെപ്പ് നടന്നതെങ്കിലും ഭയാനകമായ സാഹചര്യമായിരുന്നുവെന്നും വിഡിയോയുടെ അവസാനം അതിഭീകരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രമുഖ നഗരങ്ങളിൽ ട്രംപ് ഭരണകൂടം നടത്തുന്ന കുടിയേറ്റ നിയമനടപടികൾക്കിടെയാണ് മൂന്നുമക്കളുടെ അമ്മ കൂടിയായ റെനി നിക്കോള്‍ ഗുഡ് എന്ന സ്ത്രീ കൊല്ലപ്പെടുന്നത്. ഇതേ നടപടിക്കിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ കൊലപാതകം കൂടിയാണിതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് െചയ്യുന്നു.
റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങുന്നതും , വാഹനം മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതുമാണ് വിഡിയോയില്‍ കാണാനാവുക. തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ക്ക് നേരെ തോക്കുചൂണ്ടി വെടിവയ്ക്കുന്നതും കാണാം. ദൃശ്യങ്ങളില്‍ രണ്ട് വെടിയൊച്ചകള്‍ കേള്‍ക്കാം. പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചു.
സംഭവത്തില്‍ ട്രംപിനു പിന്നാലെ പ്രതികരണവുമായി വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും രംഗത്തെത്തി. ‘സ്ഥിരബുദ്ധിയില്ലാത്ത ഇടതുപക്ഷക്കാരി’ എന്നാണ് വാന്‍സ് കൊല്ലപ്പെട്ട യുവതിയെ വിശേഷിപ്പിച്ചത്. യുവതി നടത്തിയത് ആഭ്യന്തര ഭീകരവാദമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.