Image; Denmark Flag, Donald Trump, Reuters
വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലന്‍ഡില്‍ കണ്ണുവച്ച ഡോണള്‍ഡ് ട്രംപിനെ എതിര്‍ത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍. ഗ്രീന്‍ലന്‍ഡ് അവിടത്തെ ജനങ്ങളുടേതാണെന്ന് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ യുഎസ് സൈന്യത്തിന് ഗ്രീൻലൻഡ് തന്ത്രപരമായി നിര്‍ണായകമെന്നാണ് ട്രംപിന്റെ നിലപാട്.
ഗ്രീൻലൻഡിനെ ഡെന്‍മാര്‍ക് വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം. ആർട്ടിക് മേഖലയിലെ സൈനികസാന്നിധ്യം കൂട്ടാന്‍ 658 കോടി ഡോളർ ഡെൻമാർക്ക് നീക്കിവച്ചിട്ടും ട്രംപ് തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടു പോയില്ല. ഇതോടെ ഗ്രീന്‍ലന്‍ഡിനു പിന്തുണയുമായി ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങള്‍ ഒന്നിച്ചെത്തി. പക്ഷേ, സഖ്യകക്ഷികളെ തന്നെ ആശങ്കയിലാക്കുന്നതാണ് അമേരിക്കയുെട നിലപാട്. രാജ്യാന്തര മര്യാദകളല്ല ശക്തിയും ബലവും അധികാരവുമാണ് ലോകത്തെ ഭരിക്കുന്നതെന്ന വാദവുമായി ട്രംപിന്റെ വിശ്വസ്തനും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫും ആയ സ്റ്റീഫൻ മില്ലർ രംഗത്തെത്തി.
വെനസ്വേലയിലെ സൈനിക നടപടിക്ക് പിന്നാലെ മില്ലറുടെ ഭാര്യ കാറ്റി മില്ലർ, അമേരിക്കൻ പതാകയുടെ നിറങ്ങൾ നൽകിയ ഗ്രീൻലൻഡിന്റെ ഭൂപടം 'ഉടൻ' എന്ന അടിക്കുറിപ്പോടെ എക്സിൽ പങ്കുവച്ചിരുന്നു.വെറും 57,000 പേർ മാത്രം വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ്, നാറ്റോയിൽ നേരിട്ട് അംഗമല്ല. എന്നാൽ ഡെൻമാർക്കിന്റെ അംഗത്വം ഗ്രീൻലൻഡിനും ബാധകമാണ്. യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയിലുള്ള ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം യുഎസിന്റെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന് ഏറെ നിർണായകവും. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അമേരിക്കയുടെ ലക്ഷ്യങ്ങൾക്ക് ദ്വീപിലെ ധാതുസമ്പത്തും കരുത്തുപകരും.