വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും വസതിയിൽ അതിക്രമിച്ചു കയറി യുഎസ് സൈന്യം റാഞ്ചിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹതയേറുന്നു. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിൽ യുഎസ് സൈന്യം തടസ്സമില്ലാതെ എത്തിയതും മഡുറോയെ പിടികൂടിയപ്പോൾ വെനസ്വേലൻ സൈന്യം ഒരുതരത്തിലുള്ള പ്രതിരോധവും ഉയർത്താതിരുന്നതുമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
താഴ്ന്നു പറന്ന യുഎസ് ഹെലികോപ്റ്ററുകളെ തോക്കുകൾ ഉപയോഗിച്ച് പോലും വീഴ്ത്താൻ കഴിയുമായിരുന്നിട്ടും സൈന്യം നിസ്സംഗത പാലിച്ചതാണ് വിദഗ്ധരെ അമ്പരപ്പിക്കുന്നത്. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഒന്നുപോലും ഈ സമയം പ്രവർത്തിച്ചില്ലെന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. യുഎസ് സൈന്യവുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ സൈനിക നേതൃത്വത്തിന് നേരത്തെ തന്നെ നിർദ്ദേശം ലഭിച്ചിരുന്നതായാണ് സൂചന.
ഈ അട്ടിമറിക്ക് പിന്നിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്. ഡെൽസിയും സഹോദരനും ദേശീയ അസംബ്ലി അധ്യക്ഷനുമായ ജോർജ് റോഡ്രിഗസും ട്രംപ് ഭരണകൂടവുമായി രഹസ്യ ധാരണയുണ്ടാക്കിയതായി 'മയാമി ഹെറാൾഡ്' റിപ്പോർട്ട് ചെയ്തു. അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ കഴിഞ്ഞ വർഷം തന്നെ ഇതിനായുള്ള ചർച്ചകൾ നടന്നതായാണ് വിവരം.
മഡുറോയെ പുറത്താക്കി ഡെൽസി റോഡ്രിഗസിനെ ഭരണമേൽപ്പിക്കുക,മഡുറോയെ പിടികൂടുമ്പോൾ സൈന്യം വിട്ടുനിൽക്കുക,പകരമായി ഡെൽസിയുടെ ഭരണകൂടത്തിന് യുഎസ് അംഗീകാരം നൽകുക എന്നിവയായിരുന്നു ധാരണയിലെ പ്രധാന തീരുമാനങ്ങള്‍ എന്നാണ് വിവരം.
മഡുറോയ്ക്ക് മുന്നിൽ യുഎസ് രണ്ട് ഓപ്ഷനുകൾ വെച്ചിരുന്നതായാണ് വിവരം. പദവി ഒഴിഞ്ഞ് രാജ്യത്ത് തുടരുക അല്ലെങ്കിൽ തുർക്കിയിലേക്കോ ഖത്തറിലേക്കോ മാറാൻ അനുവദിക്കുക എന്നതായിരുന്നു അത്. എന്നാൽ ഡെൽസി റോഡ്രിഗസ് നേരിട്ട് യുഎസുമായി കരാറുണ്ടാക്കിയതോടെ മഡുറോ പൂർണ്ണമായും ഒറ്റപ്പെടുകയായിരുന്നു.
.മഡുറോ പിടിയിലായതിന് പിന്നാലെ ഡെൽസി റോഡ്രിഗസിനെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അംഗീകരിച്ചത് ഈ സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു. നിലവിൽ ഡെൽസി വെനസ്വേലയുടെ താൽക്കാലിക ചുമതല ഏറ്റെടുത്തിരിക്കുകയാണ്.