ട്രംപിന് ഇനിയും വെനസ്വേലയെ കീഴടക്കാൻ ആയിട്ടില്ലെന്നും, വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ട്രംപിന് വഴങ്ങില്ലെവന്നും മുന്‍ മന്ത്രി തോമസ് ഐസകിന്‍റെ വിലയിരുത്തല്‍. പ്രസിഡന്റ് മഡൂറോയെ ബന്ദിയാക്കാനെ കഴിഞ്ഞിട്ടുള്ളൂ. എന്തിന് മഡൂറോയെ പോലും കീഴടക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുകക്കില്‍ കുറിച്ചു.
'കയ്യിൽ വിലങ്ങുവെച്ച് ന്യൂയോർക്കിലെ തടവുകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വേളയിൽ മഡൂറോപറഞ്ഞത് ലോകം മുഴുവൻ കേട്ടു “Good Night and Happy New Year”. എന്റെ കഴിഞ്ഞ പോസ്റ്റിനു താഴെ ചിലർ വെനസ്വേലയിലെ ആഹ്ലാദ ആഘോഷങ്ങളെക്കുറിച്ച് കമന്റ് ഇട്ടിരുന്നു. ഇവയെല്ലാം ഷാവേസിന്റെ കാലം മുതൽ നാട് വിട്ടുപോയ പ്രവാസികളുടെ ആഘോഷങ്ങളാണ്. വെനസ്വേലയിലാവട്ടെ പ്രതിക്ഷേധമിരമ്പുകയാണ്. അട്ടിമറിക്ക് ശേഷം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 22% വെനസ്വേലൻ പൗരന്മാർ മാത്രമാണ് വിദേശ അമേരിക്കൻ ഇടപെടലിനെ പിന്താങ്ങുന്നത് എന്നാണ് തെളിഞ്ഞത്.
മെഡൂറോ ബന്ദിയാക്കപ്പെട്ടെങ്കിലും സർക്കാർ അതേപടി തുടരുകയാണ്. പട്ടാളം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ബന്ദിയാക്കപ്പെട്ട പ്രസിഡന്റിനുപകരം സുപ്രീം കോടതി ഭരണഘടനാ പ്രകാരം വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ പ്രസിഡന്റായി ചാർജ് കൊടുത്തു. അവരുടെ രാഷ്ട്രീയ പശ്ചാത്തലം ഈ അവസരത്തിൽ പ്രസക്തമാണ്. അവരുടെ അച്ഛൻ 1976 ൽ പൊലീസ് പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇടതുപക്ഷ ഗറില്ലാ നേതാവായിരുന്നു. അച്ഛനെ പീഡിപ്പിച്ചു കൊലചെയ്തതിന്റെ അൻപതാം വാർഷികമാണ് 2026. ചുമതലയേറ്റ ഡെൽസിയുടെ ആദ്യത്തെ പ്രസ്താവന ഇതായിരുന്നു. “വെനിസ്വേലയ്ക്ക് ഒരു പ്രസിഡന്റെ ഉള്ളു. അദ്ദേഹത്തിന്റെ പേര് നിക്കോളാസ് മഡൂറോ മോറോസ് എന്നാണ്”.
ട്രംപിനും വെനസ്വേലയിലെ ജനകീയ രോഷത്തെക്കുറിച്ചു തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് തന്റെ നോബൽ സമ്മാനം ട്രംപിന് സമർപ്പിച്ച പ്രതിപക്ഷ നേതാവ് മറിയ മച്ചാഡോയെ തള്ളിപ്പറഞ്ഞത്. “അവർക്ക് രാജ്യത്തിനുള്ളിൽ അത്തരം ബഹുമാനമോ പിന്തുണയോ ഉണ്ടെന്നു ഞാൻ കരുതുന്നില്ല.” ഇതോടെ മഡൂറോ സർക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരത്തിൽ വന്ന കള്ള സർക്കാരാണെന്ന പ്രചാരണത്തിന്റെ കാറ്റ് പോയി.
ഡെൽസിയുമായി അമേരിക്കൻ സർക്കാർ രഹസ്യ ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന കുപ്രചരണം അമേരിക്കൻ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും അമേരിക്കൻ അനുകൂലികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡെൽസി കൂടുതൽ പ്രായോഗികമായ ഒരു നിലപാട് സ്വീകരിക്കുമെന്നും അമേരിക്കയുമായി ഒത്തുതീർപ്പിലെത്തുമെന്നുമാണ് ട്രംപ് കരുതുന്നതെന്ന് തോന്നുന്നു. പക്ഷെ ഡെൽസി അങ്ങിനെ വഴങ്ങുന്നില്ല എന്ന് വേണം മനസിലാക്കാൻ. “അവർ ശരിയായിട്ടല്ല പ്രവർത്തിക്കുന്നതെങ്കിൽ വലിയ വില നൽകേണ്ടിവരും. ചിലപ്പോൾ മഡൂറോയെക്കാൾ വലിയവില.” എന്നാണു ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി.
അമേരിക്കൻ പ്രസിഡന്റ് പത്രസമ്മേളനത്തിൽ വെനസ്വേലയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു; “ശരിയും യുക്തിപരവും ആയ ഒരു അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ ഞങ്ങൾ ആ രാജ്യത്തെ ഭരിക്കും” ("We will run the country until such time as we can do a safe, proper and judicious transition"). എന്നാൽ നേരിട്ടുള്ള ഭരണത്തിൽ നിന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റൂബിയോ ഔപചാരികമായിത്തന്നെ പിൻവാങ്ങി കഴിഞ്ഞു. വെനസ്വേലയിലേക്ക് പോവാൻ കച്ചകെട്ടിയ വാൾ സ്ട്രീറ്റ് പ്രതിനിധികൾ യാത്ര മാറ്റി വെച്ചിരിക്കുകയാണ്.
അമേരിക്ക നേരിട്ട് ഭരിക്കണമെങ്കിൽ അഫ്ഗാനിസ്ഥാനിലും, ഇറാഖിലെലും ഇറക്കിയതിനേക്കാൾ കൂടുതൽ പട്ടാളത്തെ ഇറക്കേണ്ടി വരും. സൈന്യത്തെ മാത്രമല്ല സായുധ ജനവിഭാഗങ്ങളെയും നേരിടേണ്ടിവരും. ഓരോ ചെറു പട്ടണവും തെരുവും യുദ്ധക്കളമാവാം. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന് അമേരിക്ക പറയുന്ന എഡ്‌മുണ്ടോ ഗോൺസലസിനെയോ മറിയ മച്ചാഡോയെയോ ഭരണമേറ്റെടുക്കാൻ അമേരിക്ക ക്ഷണിക്കാത്തത്.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം കൂടുതൽ വ്യക്തമാവും. ഡെൽസി റോഡ്രിഗസ് ട്രംപുമായി നീക്കുപോക്കുണ്ടാക്കുമോ? അത്തരമൊരു നീക്കുപോക്കിനെ ഷാവേസിന്റെ രാഷ്ട്രീയ പ്രസ്ഥാനം അനുകൂലിക്കുമോ? അതോ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ? അങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായാൽ അയൽപക്ക രാജ്യങ്ങളായ കൊളംബിയയും, ബ്രസീലും, ഗയാനയും കയ്യുംകെട്ടി ഇരിക്കുമോ?'– തോമസ് ഐസക് വ്യക്തമാക്കുന്നു.