AI Representative image
ശ്രീലങ്കയിൽ കാട്ടാനയെ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. അനുരാധപുര സ്വദേശികളായ 42നും 50നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്.വാലിൽ തീകൊളുത്തുന്നതും ആന വേദനകൊണ്ട് പുളയുന്നതും പ്രതികൾ നോക്കി നിൽക്കുന്നതുമാണ് വിഡിയോയിലുള്ളത്. മറ്റൊരു ദൃശ്യത്തിൽ പരുക്കേറ്റ ആന നിലത്ത് കിടന്ന് ഉരുളുന്നതും കാണാം. തീകൊളുത്തുന്നതിന് മുൻപ് ആനയെ വെടിവെച്ച് പരുക്കേൽപ്പിച്ചിരുന്നതായും വന്യജീവി വകുപ്പ് അധികൃതർ വെളിപ്പെടുത്തി.
ശ്രീലങ്കൻ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്. ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. എങ്കിലും രാജ്യത്ത് 1976ന് ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാൽ ഇത് ജീവപര്യന്തം തടവായി ചുരുങ്ങാനാണ് സാധ്യത. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചതിനെ തുടർന്ന് പ്രതികളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു