വീടിന്റെ ഗേറ്റ് അടക്കം തകർത്തു പത്തനംതിട്ട കല്ലേലിയിൽ വീണ്ടും കാട്ടാന ശല്യം. കല്ലേലി സ്കൂളിന് സമീപം ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷിയടക്കം വ്യാപക നാശനഷ്ടങ്ങൾ വരുത്തി.
കല്ലേലി തെക്കേടത്ത് താഴേതിൽ കോശി മാത്യുവിന്റെ വീടിന്റെ ഇരുമ്പ് ഗേറ്റും സിമന്റ് തൂണുകളും കാട്ടാന തകർത്തു. മാസങ്ങൾക്ക് മുൻപ് ഇതേ വീട്ടിലെ ഗേറ്റും തൂണുകളും കാട്ടാന തകർത്തിരുന്നു. പുതുക്കിപ്പണിത ഗേറ്റാണ് ഇപ്പോൾ വീണ്ടും തകർത്തത്.
പുലർച്ചെ മൂന്ന് മണിയോടെ എത്തിയ കാട്ടാന സമീപത്തെ കർഷകരായ ഹമീദ്, വർക്കി ജോർജ്ജ് എന്നിവരുടെ കൃഷിയിടങ്ങളിലും നാശനഷ്ടങ്ങൾ വരുത്തി. ഹമീദിന്റെ കൃഷിയിടത്തിലെ വേലി തകർത്താണ് ആന അകത്തുകയറിയത്. ഈ സമയം കൃഷിയിടത്തിലെ കാവൽപുരയിൽ ഹമീദ് ഉണ്ടായിരുന്നു. ബഹളം വെച്ച് ആനയെ ഓടിച്ചെങ്കിലും നാല് മണിയോടെ ആന വീണ്ടും തിരിച്ചെത്തുകയായിരുന്നു. കൃഷികൾ നശിപ്പിച്ച ശേഷം സമീപത്തെ വീട്ടിലെ ഗേറ്റും തകർത്ത് ആന മുന്നോട്ട് നീങ്ങിയെന്ന് ഹമീദ് പറഞ്ഞു.
കൃഷിയിടത്തിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് തൊട്ടരികിലൂടെയാണ് ആന കടന്നുപോയത്.
നിരവധി വീടുകളുള്ള കല്ലേലി പ്രദേശത്ത് കഴിഞ്ഞ രണ്ട് വർഷമായി കാട്ടാന ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ദിനംപ്രതി നശിപ്പിക്കപ്പെടുന്നത്. മാസങ്ങൾക്ക് മുൻപ് കല്ലേലി സ്കൂൾ പരിസരത്തും ആനകൾ എത്തിയിരുന്നു. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷൻ പരിധിയിലാണ് ഈ പ്രദേശം .