മനോരമ ന്യൂസും ബിലിവേഴ്സും ചേർന്ന് നടത്തുന്ന കേരള കാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ. അതിനിടെയാണ് കോളജിൽ ജൂനിയറായി പഠിച്ച സുഹൃത്തിനെ ഓർത്തത്. 'കോളജിൽ പഠിക്കുന്ന സമയത്താണ് അവന് കാൻസർ സ്ഥിരീകരിച്ചത്. നാലാം സ്റ്റേജ് ആയിരുന്നു. രക്ഷപ്പെടില്ല എന്ന് വന്ന ഘട്ടം. അന്ന് അവൻ പറഞ്ഞ വാക്കുകൾ ഓർക്കുകയാണ്. ആറുമാസം മുൻപ് കണ്ടു പിടിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ. അതുകൊണ്ട് ക്യാൻസർ നിർണയ ക്യാമ്പ് എപ്പോഴും പ്രധാനപ്പെട്ടത്. മറ്റൊരു സുഹൃത്തിന് അപൂർവ ഇനം കാൻസർ സാധിച്ചു. എന്നാൽ ആദ്യ ഘട്ടത്തിൽ കണ്ടെത്തിയതിനാൽ പൂർണമായും ചികിൽസിച്ച് മാറ്റാനായി. അവൻ ഇന്ന് ഡൽഹിയിൽ ഉദ്യോഗസ്ഥനാണ്', ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു.