ഭൂമിയില്‍ നിന്നും 15,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം, അതിന്‍റെ ചിറകില്‍ തൂങ്ങിയാടുകയാണ് ഒരാള്‍. ആരാണെങ്കിലും പേടിച്ച് ജീവന്‍ പോകുന്ന അവസ്ഥ. എന്നാല്‍ ആ സാഹചര്യത്തെ മനഃസാനിധ്യം കൊണ്ട് നേരിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്കൈ ഡൈവർ അഡ്രിയാൻ ഫെർഗൂസൺ. ഒറ്റ നോട്ടത്തില്‍ എഐ വിഡിയോ ആണോ എന്ന് തോന്നിപ്പോവും. ട്രെയിനിലും കടലിലും കപ്പലിലുമൊക്കെയുള്ള അപകടത്തിന്റെ എഐ വിഡിയോകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ടല്ലോ. അതിനാല്‍ ഇതും അത്തരത്തിലുള്ളതാണെന്ന് സംശയിച്ചവരുണ്ട്. പക്ഷേ സംഗതി സത്യമാണ്. ട്രാൻസ്പോർട്ട് സേഫ്റ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അപകടത്തെക്കുറിച്ചുള്ള ഭീതിദമായ വിവരങ്ങൾ പുറത്തുവന്നത്.

ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ ആണ് കഴിഞ്ഞ സെപ്റ്റംബര്‍ 20ന് നടന്ന സംഭവത്തിന്‍റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഫാർ നോർത്ത് ക്വീൻസ്‌ലാൻഡിലുള്ള ടല്ലി എയർപോർട്ടിന് മുകളിലാണ് സ്കൈ ഡൈവിങ് നടന്നത്.  16 പേർ ചേർന്നുള്ള ഫോർമേഷൻ ജമ്പിനായി ഒരുങ്ങുമ്പോൾ ഫെർഗൂസന്‍റെ റിസർവ് പാരഷൂട്ട് അബദ്ധത്തിൽ തുറന്നുപോവുകയായിരുന്നു. വിടര്‍ന്ന പാരഷൂട്ട് വിമാനത്തിന്‍റെ ചിറകില്‍ കുടുങ്ങി. 15000 അടി ഉയരത്തില്‍ ഫെര്‍ഗൂസണ്‍ തൂങ്ങിയാടി. ഒപ്പമുള്ളവര്‍ ആദ്യം ഒന്ന് പരിഭ്രാന്തരായെങ്കിലും മുന്‍ നിശ്ചയിച്ചതുപോലെ അവര്‍ ചാടി. 

പക്ഷേ പരിഭ്രാന്തനാകാതെ ഫെര്‍ഗൂസണ്‍ ഹുക്ക് നൈഫ് എന്നറിയപ്പെടുന്ന ചെറിയ കത്തി ഉപയോഗിച്ച് കുടുങ്ങിയ പാരച്യൂട്ടിന്‍റെ 11 ലൈനുകളും വെറും ഒരു മിനിറ്റ് കൊണ്ട് മുറിച്ചുമാറ്റി. വിമാനത്തില്‍ നിന്നും വേര്‍പെട്ടതിന് പിന്നാലെ അദ്ദേഹം പ്രധാന പാരഷൂട്ട്  വിടര്‍ത്തുകയും സുരക്ഷിതനായി താഴെയിറങ്ങുകയും ചെയ്തു. കാലിന് ചെറിയ പോറലേറ്റതൊഴിച്ചാല്‍ മറ്റ് പരുക്കുകളൊന്നും ഫെര്‍ഗൂസണ് സംഭവിച്ചില്ല. വിമാനത്തിന്‍റെ ചിറകിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അതും സുരക്ഷിതമായി ലാൻഡ് ചെയ്തു. 

ENGLISH SUMMARY:

Skydiving accident involves an Australian skydiver, Adrian Ferguson, whose reserve parachute accidentally deployed and got caught on the wing of the plane. He managed to cut the parachute lines and safely deploy his main parachute, landing with minor injuries.