അമേരിക്കയിലെ മിസോറിയിൽ സ്കൈ ഡൈവിങിനിടെ വിമാനം തകര്‍ന്ന് മരിച്ചവരില്‍ 24 വയസുകാരനായ ഇന്ത്യന്‍ യുവാവും. കൻസാസ് സിറ്റിയിൽ നിന്ന് 80 മൈൽ അകലെ ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. 12 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത ഉടനെയായിരുന്നു അപകടം. ആന്ധ്രാ സ്വദേശിയായ സായ് കാർത്തിക് വർമ്മ ദാറ്റ്‌ലയാണ് അപകടത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരന്‍.
ജൂൺ 14, ഞായറാഴ്ചയായിരുന്നു അപകടം. സ്കൈഡൈവിങിനായി ഉപയോഗിക്കുന്ന 'പസഫിക് എയ്‌റോസ്‌പേസ് 750XL' എന്ന ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ഏകദേശം 100 അടി ഉയരത്തിൽ നിന്ന് വിമാനം നിലംപൊത്തുകയായിരുന്നു. താഴെ വീണ ഉടൻ തന്നെ വിമാനം തീപിടിക്കുകയും, വിമാനത്തിലുണ്ടായിരുന്ന സ്കൈഡൈവർമാരും പൈലറ്റും ഉൾപ്പെടെ 12 പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. യുഎസ് പാരച്യൂട്ട് അസോസിയേഷന്റെ ടെക്നോളജി ഡയറക്ടർ ജെൻ ഷാർപ്പും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി സായ് കാർത്തിക് ഉന്നത വിദ്യാഭ്യാസത്തിനായാണ് അമേരിക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്നും എന്‍ജിനീയറിങിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് കാര്‍ത്തിക് അമേരിക്കയില്‍ എത്തുന്നത്. സെൻട്രൽ മിസോറി സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഹെൽത്ത് കെയർ ടെക്നോളജി മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് കാര്‍ത്തിക് സ്കൈഡൈവിങ് പരിശീലനം ആരംഭിച്ചത്.
അതേസമയം അപകടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിസ്‍ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ ബ്ലാക്ക് ബോക്സ് ഇല്ലാത്തതിനാൽ ദൃക്സാക്ഷികളുടെ മൊഴികളും വിഡിയോകളും ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. അതേസമയം, കാര്‍ത്തികിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനുമായി അമേരിക്കയിലെ പ്രാദേശിക തെലുങ്ക് അസോസിയേഷനുകൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
പസഫിക് എയ്‌റോസ്‌പേസ് 750XL
ഒരു സിംഗിൾ എന്‍ജിൻ ടർബോപ്രോപ്പ് വിമാനമാണ് പസഫിക് എയ്‌റോസ്‌പേസ് 750XL. കായിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വിമാനം സ്‌കൈഡൈവിങിലെ ജനപ്രിയ മോഡലാണ്. ചെറിയ റൺവേകൾ ഉപയോഗിക്കാനും, വളരെ വേഗത്തിൽ തന്നെ ഉയരത്തിലേക്ക് എത്താനും ഇതിന് സാധിക്കും.