Image Credit:x/ME_Observer_

അമേരിക്കയിലെ വെസ്റ്റേണ്‍ ഇദാഹൊ നടന്ന വ്യോമാഭ്യാസത്തിനിടെ യുഎസ് നേവി വിമാനങ്ങള്‍ കൂട്ടിയിടിച്ചു. EA 18-G ഗ്രോലേര്‍സാണ് കൂട്ടിയിടിച്ചത്. പൈലറ്റുമാര്‍ നാലുപേരും അദ്ഭുതകരമായി രക്ഷപെട്ടു. അഭ്യാസത്തിനിടെ അവിചാരിതമായി വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന്യുഎസ് പസഫിക് ഫ്ലീറ്റിന്‍റെ നേവല്‍ എയര്‍ഫോഴ്സ് വക്താവ് അമേലിയ അറിയിച്ചു. പൈലറ്റുമാര്‍ പാരഷൂട്ട് വിടര്‍ത്തി ചാടിയെന്നും നാലുപേരും സുരക്ഷിതരാണെന്നും അവര്‍ സ്ഥിരീകരിച്ചു. ആര്‍ക്കും പരുക്കില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ശേഷിക്കുന്ന വ്യോമാഭ്യാസം റദ്ദാക്കി.

അപകടത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആകാശത്ത് നാല് പാരഷൂട്ടുകള്‍ വിടര്‍ന്നതും വിമാനങ്ങള്‍ കത്തിയമരുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.  F/A 18 സൂപ്പര്‍ ഹോര്‍നറ്റ് യുദ്ധവിമാനത്തിന്‍റെ വകഭേദമാണ് EQ-18G. രണ്ടു വിമാനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ഷെയ്ന്‍ ഒഗ്‍ഡെന്‍ എന്നയാള്‍ പറയുന്നത്. അപകടത്തിന്‍റ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ കറങ്ങി തീ ഗോളമായി വിമാനം നിലത്തുവീണുവെന്നാണ് ഒഗ്ഡെന്‍ പറയുന്നത്. കൂട്ടിയിടിക്കുന്നത് കണ്ടതോടെ ഒന്ന് നടുങ്ങിയെങ്കിലും വേഗം വിഡിയോ പകര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാങ്കേതിക തകരാറാണ് കാരണമെന്ന് താന്‍ കരുതുന്നില്ലെന്നും പൈലറ്റിന്‍റെ പിഴവാണ് കാരണമെന്നാണ് അനുമാനിക്കുന്നതെന്നും എവിയേഷന്‍ സേഫ്റ്റി  വിദഗ്ധന്‍ ജെഫ് ഗുസറ്റി പറഞ്ഞു. കൂട്ടിയിടിക്ക് ശേഷം വിമാനങ്ങള്‍ തമ്മില്‍ കുടുങ്ങിപ്പോയെന്നും പൈലറ്റുമാര്‍ രക്ഷപെട്ടത് തന്നെ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അപകട കാരണം എന്തെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എല്ലാവശങ്ങളും  പഠിക്കുകയാണെന്നും വിശദമായ അന്വേഷണം നടക്കുന്നുവെന്നും നേവി അറിയിച്ചു. വ്യോമസേന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത് എന്നതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയേക്കില്ല.

ENGLISH SUMMARY:

Two US Navy EA-18G Growler electronic warfare jets collided mid-air during a military training exercise over western Idaho. Commander Amelia, spokesperson for the US Pacific Fleet's Naval Air Forces, confirmed that the collision was accidental and led to both aircraft catching fire. Miraculously, all four pilots on board managed to eject in time and parachuted safely to the ground without sustaining any major injuries. Eyewitness footage circulating on social media captured the dramatic moment showing four open parachutes floating as the multi-million dollar fighter variants spun down as a fireball. While aviation safety expert Jeff Guzzetti suspected potential pilot error over mechanical failure, the Navy has initiated a detailed military investigation, though full reports might remain classified due to national security.