കാമുകന് ബന്ധം അവസാനിപ്പിച്ചതില്‍ മനംനൊന്ത് 10,000 അടിയിലധികം ഉയരത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പ്രൊഫഷണല്‍ സ്കൈ ഡൈവര്‍. സ്കൈഡൈവിങ്ങില്‍ ഏറെ വൈധഗ്ധ്യം നേടിയിരുന്ന 32 കാരി ജേഡ് ഡമറെൽ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ജേഡിന്റെ കാമുകന് അവളെ വിളിച്ചതായും ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിൽ 28 ന് കൗണ്ടി ഡർഹാമിലെ ഷോട്ടൺ കോളിയറിയിൽ വച്ചാണ് ജേഡ് ആത്മഹത്യ ചെയ്യുന്നത്. സ്കൈ ഡൈവിങ്ങിൽ വിദഗ്ധയായ ജേഡ് 10,000 അടിയിലധികം ഉയരത്തില്‍വച്ച് താഴേക്ക് ചാടുകയും പാരച്യൂട്ട് മനഃപൂർവം പ്രവര്ത്തിപ്പിക്കാതിരിക്കുകയുമായിരുന്നു.
മറ്റൊരു സ്കൈഡൈവറായ ബെൻ ഗുഡ്ഫെലോയുമായി (26) പ്രണയത്തിലായിരുന്നു ജേഡ്. ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ഇരുവരും തമ്മില്‍ വഴക്കിടുകയുണ്ടായി. ഇരുവും എട്ട് മാസമായി ഡേറ്റിങിലായിരുന്നുവെന്നും വേർപിരിക്കാനാവാത്തവണ്ണം അടുത്തിരുന്നുവെന്നും ഇരുവരുടേയും പേരുവെളിപ്പെടുത്താത്ത സുഹൃത്ത് പറയുന്നു. ‘അവർ മുഴുവൻ സമയവും ഒരുമിച്ചാണ് ചെലവഴിച്ചത്, മറ്റാരുമായും കൂടുതല്‍ ഇടപെടാറില്ലായിരുന്നു... എപ്പോളും ഒരുമിച്ചാണ് സ്കൈഡൈവ് ചെയ്തുകൊണ്ടിരുന്നത്’ സുഹൃത്ത് പറഞ്ഞു. എയർഫീൽഡിനടുത്ത് ഒരുവസതിയിലാണ് ഇരുവരും താമസിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജേഡ് ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം രാത്രി ബെന്‍ ബന്ധം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പിറ്റേന്ന് പതിവുപോലെ ജോലിക്കുപോയ സമയത്താണ് ജേഡ് ആത്മഹത്യ ചെയ്യുന്നത്. ആദ്യം അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതില്‍ മനംനൊന്താണ് ജേഡ് ജീവനൊടുക്കിയത് എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ജേഡ് ബെന്നിനോട് പലതവണ ബന്ധം ഉപേക്ഷിക്കാമെന്ന് പറഞ്ഞതായി തനിക്കറിയാമെന്നും എന്നാല്‍ ബെന്‍ ആദ്യമായാണ് ഇത് ജേഡിനോട് ആവശ്യപ്പെട്ടതെന്നും പൊതുവേ ശാന്തനായ ബെന്‍ ജേഡിന്റെ മരണത്തില്‍ പൂർണ്ണമായും അസ്വസ്ഥനാണെന്നും ഇരുവരുടേയും സുഹൃത്ത് പറയുന്നു.
ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം സിൽവർ സ്പൂണിന്റെ മാർക്കറ്റിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് നിസാനില്‍ ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്ന ബെന്നുമായി ജേഡ് പ്രണയത്തിലാകുന്നത്. സൺഡർലാൻഡ് ഇൻഡി ബാൻഡ് പോസ്റ്റ് റോമിലെ പ്രധാന ഗായകനും ഗിറ്റാറിസ്റ്റും കൂടിയാണ് ബെന്‍. 400 ലധികം വിജയകരമായ പാരച്യൂട്ട് ജമ്പുകൾ നടത്തിയിട്ടുള്ളയാളാണ് ജേഡ് ഡമറെല്‍.