faiz-hameed

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ മേധാവി ഫായിസ് ഹമീദ്

പാക് ചാരസംഘടനയായ ഇന്‍റര്‍ സര്‍വീസ് ഇന്‍റലിജന്‍സിന്‍റെ മുന്‍ മേധാവി ഫായിസ് ഹമീദിനെ 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് സൈനിക കോടതി. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും രാഷ്ട്രീയത്തില്‍ ഇടപെട്ടെന്നും ‘വ്യക്തികള്‍ക്ക് നീതീകരിക്കാനാകാത്ത നഷ്ടം വരുത്തി’യെന്നും ആരോപിച്ചാണ് ശിക്ഷാവിധി. ഐഎസ്ഐ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ‘ദീര്‍ഘമായ നിയമനടപടികള്‍ക്കൊടുവില്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞു’ എന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

pakistan-military-chiefs

പാക്കിസ്ഥാന്‍ സംയുക്തസേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ (മധ്യത്തില്‍) വ്യോമ, നാവിക സേനാമേധാവിമാര്‍ക്കൊപ്പം

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് ഫായിസ് ഹമീദ് ഐഎസ്ഐ മേധാവിയായി പ്രവര്‍ത്തിച്ചത്. ഇമ്രാന്‍റെ വിശ്വസ്തനായിരുന്ന ഫായിസ് ഇപ്പോഴത്തെ സൈനികമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറിന്‍റെ നോട്ടപ്പുള്ളിയായിരുന്നു. പാക്കിസ്ഥാന്‍ സൈനികമേധാവിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഫായിസ് ഹമീദ് ഇമ്രാന്‍ ഖാന്‍ അധികാരഭൃഷ്ടനാക്കപ്പെട്ടതിന് പിന്നാലെ സൈന്യത്തില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ നിയമനടപടി ആരംഭിച്ചത്.

സൈനികനിയമം പലവട്ടം ലംഘിച്ചുവെന്നാണ് ഫായിസിനെതിരെ ചുമത്തിയ കുറ്റങ്ങളിലൊന്ന്. അധികാരദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും കോടതിയിലെത്തി. ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതാണ് ഇതിലൊന്ന്. പാക്കിസ്ഥാനിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്നത് സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളും സ്ഥാപനങ്ങളുമാണ്. ഇതെല്ലാം ഫായിസിന് തിരിച്ചടിയായി.

അഫ്ഗാന്‍ താലിബാനുമായും ഫായിസ് ഹമീദിന് അടുത്ത ബന്ധമുണ്ടായിരുന്നു. കാബുളില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ ‘ഇനി എല്ലാം ശരിയാകും’ എന്നായിരുന്നു ഫായിസിന്‍റെ പ്രതികരണം. അഫ്ഗാന്‍ താലിബാനും ഇപ്പോഴത്തെ സൈനികമേധാവി അസിം മുനീറും തമ്മില്‍ ശക്തമായ വിയോജിപ്പുണ്ട്