പെഷാവറിലെ അര്‍ധ സൈനിക കേന്ദ്രത്തില്‍ നടന്ന ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തി പാക്കിസ്ഥാന്‍. ഖോസ്റ്റിലെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്നവര്‍ക്ക് മേലാണ് ബോംബുകള്‍ പതിച്ചത്.
കുനാറിലും പക്തികയിലും നടന്ന വ്യോമാക്രമണത്തില്‍ നാല് പൗരന്‍മാര്‍ക്ക് പരുക്കേറ്റതായും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. അതേസമയം വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. താലിബാന്‍ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പാക് സൈന്യം ആക്രമണം നടത്തിയിട്ടുണ്ടെന്നും അത് ന്യായമാണെന്നുമായിരുന്നു മുന്‍പത്തെ വാദം.
പെഷാവറില്‍ ഇന്നലെയുണ്ടായ ചാവേര്‍ സ്ഫോടനങ്ങളിലും വെടിവയ്പ്പിലും സുരക്ഷാ ഉദ്യോഗസ്ഥരടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.10 ഓടെയാണ് പെഷവാറിലെ ഫ്രോണ്ടിയര്‍ കോര്‍പ്സിന്‍റെ ആസ്ഥാനത്ത് സ്ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായത്. പരേഡ് ഗ്രൗണ്ടിലേക്ക് ചാവേറുകള്‍ കടക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്നാണ് പാക്കിസ്ഥാന്‍റെ വാദം.
അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരിക്കുകയാണ്. നവംബര്‍ 11ന് ഇസ്ലമാബാദിലെ കോടതിക്ക് പുറത്ത് നടന്ന ചാവേര്‍സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരവാദികളായ ടിടിപിക്ക് താലിബാന്‍ സര്‍ക്കാര്‍ അഭയം നല്‍കുന്നുണ്ടെന്നും ഈ വര്‍ഷം ഇതുവരെ 685 പേരെയാണ് ടിടിപി ഭീകരര്‍ വകവരുത്തിയതെന്നുമാണ് പാക്കിസ്ഥാന്‍റെ കണക്ക്.