Image Credit:X
ബലൂചിസ്ഥാനില്‍ തടവിലാക്കപ്പെട്ട പട്ടാളക്കാരെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാന്‍ വിഘടനവാദികളുടെ സായുധ ഗ്രൂപ്പായ ബലോച് ലിബറേഷന്‍ ആര്‍മി ബന്ദികളാക്കിയവരെയാണ് പാക്കിസ്ഥാന്‍ കയ്യൊഴിഞ്ഞത്. എട്ട് പാക് സൈനികരാണ് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ തടവിലുള്ളത്. എന്നാല്‍ തങ്ങളെ കയ്യൊഴിയുന്നത് ശരിയല്ലെന്നും നേരായ മാര്‍ഗത്തില്‍ റിക്രൂട്ട്മെന്‍റിലൂടെയാണ് തങ്ങള്‍ സൈന്യത്തിലെത്തിയതെന്നും ഐഡി കാര്‍ഡ് കാണിച്ചു കൊണ്ട് ബന്ദികളാക്കപ്പെട്ട സൈനികര്‍ രംഗത്തെത്തിയതോടെ പാക്കിസ്ഥാന്‍ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ നാണംകെടുകയാണ്.
സൈനികരെ വിട്ടയയ്ക്കണമെങ്കില്‍ പാക് തടവിലുള്ള ബിഎല്‍എ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാണ് വിഘടനവാദികളുടെ ആവശ്യം. അല്ലെങ്കില്‍ സൈനികര്‍ക്ക് വധശിക്ഷ വിധിക്കുമെന്നും വിഡിയോ സന്ദേശത്തില്‍ പറയുന്നു. ഫെബ്രുവരി 22 ആണ് തടവിലുള്ളവരെ മോചിപ്പിക്കാന്‍ വിഘടനവാദികള്‍ നല്‍കിയിരിക്കുന്ന അവസാന സമയം.
പാക് പട്ടാളക്കാരെ നിലത്ത് കൂടെ ഇഴയ്ക്കുന്ന വിഡിയോയാണ് ബലോച് ലിബറേഷന്‍ ആര്‍മി നേരത്തെ പുറത്തുവിട്ടിരുന്നത്. എന്നാല്‍ പട്ടാളക്കാരില്‍ ഒരാള്‍ പോലും ആരുടെയും തടവില്‍ ഇല്ലെന്നും ആരെയും കാണാതെയായിട്ടില്ലെന്നുമായിരുന്നു പാക് സൈന്യത്തിന്‍റെ വിശദീകരണം. ഇതോടെയാണ് പാക് സൈനികര്‍ തന്നെയെന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡും പാക് പൗരന്‍മാരെന്നുള്ള തിരിച്ചറിയല്‍ കാര്‍ഡും സഹിതം ബന്ദികളെ ബിഎല്‍എ പ്രദര്‍ശിപ്പിച്ചത്. എട്ടുപേരാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
'പാക്കിസ്ഥാന് വേണ്ടി ഞാന്‍ പോരാടി. ഇന്ന് പാക് സൈന്യം എന്നെ കയ്യൊഴിഞ്ഞിരിക്കുന്നു' എന്നാണ് സംഘത്തിലെ ഒരാള്‍ വിഡിയോ സന്ദേശത്തില്‍ പറയുന്നത്. എങ്ങനെയാണ് ഞങ്ങള്‍ പട്ടാളക്കാരല്ലെന്ന് പാക്കിസ്ഥാന് തള്ളിപ്പറയാന്‍ കഴിയുന്നതെന്നാണ് നിറകണ്ണുകളോടെ സൈനികരില്‍ ഒരാള്‍ ചോദിക്കുന്നത്. എത്രയും വേഗം തങ്ങളെ മോചിപ്പിക്കണമെന്നും ബിഎല്‍എയുടെ ആവശ്യം അംഗീകരിച്ച് ജീവന്‍ രക്ഷിക്കണമെന്നും ബന്ദികളാക്കപ്പെട്ടവര്‍ ആരോപിക്കുന്നുണ്ട്. ബന്ദികളാക്കപ്പെട്ട സൈനികരെ വധിക്കുമെന്ന് ഭീഷണി ഉണ്ടെങ്കിലും പാക്കിസ്ഥാന്‍ ഇതുവരെ ഒരു ചര്‍ച്ചകള്‍ക്കും മുതിര്‍ന്നിട്ടില്ല.